മർദ്ദന ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് സ്വാതി മലിവാൾ

Monday 20 May 2024 12:54 AM IST

സി.സി.ടി.വിയുടെ റെക്കാഡർ കസ്റ്റഡിയിലെടുത്ത് പൊലീസ്

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ, ആംആദ്മി രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ എവിടെയെന്ന ചോദ്യം ശക്തമായി. കേജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അപ്രത്യക്ഷമായെന്ന് സ്വാതി മലിവാൾ ആരോപിച്ചു. എഡിറ്റ് ചെയ്‌ത 50 സെക്കൻഡ് ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്. സംഭവത്തിന്റെ മൊബൈൽ ഫോൺ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്‌തോയെന്നും ചോദിച്ചു. ബിഭവ് ക്രൂരമായി മർദ്ദിച്ചെന്ന് അവർ ആവർത്തിച്ചു. ഡൽഹി എയിംസിലെ പരിശോധനയിൽ സ്വാതിയുടെ ഇടതുകാലിലും, വലതുകവിളിലും ചതവ് കണ്ടെത്തിയിരുന്നു.

 നിർഭയയെ പരാമർശിച്ച് മലിവാൾ

നിർഭയ്‌ക്ക് നീതി ലഭ്യമാക്കാൻ തെരുവിൽ പോരാടിയ കാലമുണ്ടായിരുന്നുവെന്ന്, കേജ്‌രിവാളിനെതിരെ ഒളിയമ്പെയ്‌ത് മലിവാൾ ഓർമ്മിപ്പിച്ചു. സി.സി.ടി.വി, മൊബൈൽ ദൃശ്യങ്ങൾ ഇല്ലാതാക്കിയ പ്രതിയെ രക്ഷിക്കാൻ ഇപ്പോൾ തെരുവിലിറങ്ങുന്നു. മനീഷ് സിസോദിയ പുറത്തുണ്ടായിരുന്നെങ്കിൽ തനിക്കിത് സംഭവിക്കില്ലായിരുന്നുവെന്നും മലിവാൾ എക്‌സിൽ കുറിച്ചു. മദ്യനയക്കേസിൽ തീഹാർ ജയിലിലാണ് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

 അന്വേഷണം ഊർജ്ജിതം

സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇന്നലെ കേജ്‌രിവാളിന്റെ വസതിയിലെത്തിയ അവർ സി.സി.ടി.വിയുടെ ഡി.വി.ആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ), ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. ബിഭവ് പൊലീസ് കസ്റ്റഡിയിലാണ്.

സംഭവം പൊലീസിനോട് വിശദീകരിച്ച് ബിഭവ്

മേയ് 13ന് രാവിലെ 08.40ഓടെ മലിവാൾ കേജ്‌രിവാളിന്റെ വസതിയിൽ എത്തി. മുഖ്യമന്ത്രിയെ കാണാൻ അപ്പോയിന്റ്മെന്റ് ഉണ്ടെന്ന് പറ‌ഞ്ഞു. ഇല്ലെന്ന് മനസിലാക്കിയ സുരക്ഷാജീവനക്കാർ വിലക്കി. മലിവാൾ ബലംപ്രയോഗിച്ച് വസതിയിലേക്ക് അതിക്രമിച്ചു കയറി.

09.20ന് സംഭവം ബിഭവ് അറിയുന്നു

09.22ന് മലിവാളിനെ സന്ദർശക മുറിയിൽ ചെന്നുകണ്ട്, മുഖ്യമന്ത്രിയെ കാണാനുളള നടപടിക്രമങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. മലിവാൾ തട്ടിക്കയറി. അസഭ്യം പറഞ്ഞു. വസതിയുടെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. പെരുമാറ്റത്തിൽ സംശയം തോന്നി താൻ തടഞ്ഞു. മലിവാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു. പുറത്തുപോകണമെന്ന് ആവ‌ർത്തിച്ചു പറഞ്ഞപ്പോൾ, ആയുഷ്‌കാലം ജയിലിലടയ്‌ക്കാനുള്ള കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

09.24ന് സുരക്ഷാ ഉദ്യോഗസ്ഥരെ അകത്തേക്ക് വിളിച്ചുവരുത്തി

09.35ന് മലിവാൾ പുറത്തുപോയി

Advertisement
Advertisement