വെള്ളത്തിൽ മുങ്ങി ഉച്ചക്കട ജംഗ്ഷൻ

Tuesday 21 May 2024 5:53 AM IST

 പരിഹാരം വേണമെന്ന് കച്ചവടക്കാർ

ബാലരാമപുരം: ബാലരാമപുരം - വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം വേണമെന്ന് നാട്ടുകാരും കച്ചവടക്കാരും. വെള്ളക്കെട്ട് ദുരിതത്തിന് ഇരുപതാണ്ട് പിന്നിടുമ്പോഴും കച്ചവടക്കാർക്ക് പറയാൻ വിഷമങ്ങളേറെയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ റോഡ് ഗതാഗതം തടസപ്പെടുകയും കടകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി തുടരുന്ന ഉച്ചക്കട ജംഗ്ഷനിലെ വെള്ളക്കെട്ടിന് ജനപ്രതിനിധികളോ മരാമത്ത് അധികൃതരോ പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരാതി രൂക്ഷമാകുമ്പോൾ ഉദ്യോഗസ്ഥവൃന്ദം സ്ഥലം സന്ദർശിച്ച് മടങ്ങുന്നതല്ലാതെ ഇതേവരെ പരിഹാരം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. നിലവിൽ ഉച്ചക്കട ജംഗ്ഷനിൽ മരുതൂർകോണം സ്കൂളിലേക്ക് പോകുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്തവിധം റോഡ് വെള്ളത്തിൽ മുങ്ങുകയാണ്. ഉച്ചക്കടയിൽ അമ്പതോളം കടകൾ ഈ ദുരിതം നേരിടുന്നുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് കോവളം എം.എൽ.എയുടെ ചേംബറിൽ പി.ഡബ്യൂ.ഡി ചീഫ് എൻജിനിയർ,​ എക്സിക്യുട്ടിവ് എൻജിനിയർ,​ അസി.എൻജിനിയർ, ഏകോപനസമിതി യൂണിറ്റ് ഭാരവാഹികൾ,​ ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നിരുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ഓട നവീകരിച്ച് വെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ സജീവ ചർച്ചയായെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രശ്നത്തിന് പരിഹാരം കാണാതെ നീളുകയാണ്.

 വെള്ളക്കെട്ട് പതിവ് കാഴ്ച

ഉച്ചക്കടയിലെ വെള്ളക്കെട്ട് സിസിലിപുരം ഓടവഴി ഒഴുക്കിവിടാൻ തീരുമാനമെടുത്തെങ്കിലും അതും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഉച്ചക്കട ജംഗ്ഷൻ കുത്തനെയുള്ള ഇറക്കവും ഇരുഭാഗത്തേക്കുമുള്ള റോഡ് ഉയർന്നതുമായതിനാൽ ജംഗ്ഷനിൽ വെള്ളക്കെട്ട് പതിവ് കാഴ്ചയും തീരാദുരിതവുമാണ്. ജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗത്തെ റോഡ് മെറ്റലിട്ട് ഉയർത്തിയാലും കടകളിലേക്ക് വീണ്ടും വെള്ളമിറങ്ങുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാരണത്താൽ ശാശ്വതപരിഹാരം വീണ്ടുമകലെയാണ്. ഉച്ചക്കട ജംഗ്ഷനിലെ ഓടകളിപ്പോൾ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. അടിയന്തരമായി ഓട നവീകരിച്ച് വെള്ളമൊഴുകിപ്പോകുന്നതിന് താത്കാലിക സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരും കച്ചവടക്കാരും പറയുന്നത്.

Advertisement
Advertisement