പരിസ്ഥിതി ലോല മേഖലയായ കക്കാടംപൊയിൽ ഭൂമാഫിയ കൈയടക്കുന്നു

Tuesday 21 May 2024 12:02 AM IST

നിലമ്പൂർ: പരിസ്ഥിതിലോല മേഖലയായ കക്കാടംപൊയിൽ, നായാടംപൊയിൽ പ്രദേശങ്ങൾ വ്യാപകമായി കുന്നിടിച്ച് ഭൂമാഫിയ കൈയേറുന്നു. നിലമ്പൂർ- കക്കാടംപൊയിൽ റോഡിന്റെ രണ്ട് ഭാഗത്തും ചെറുതും വലുതുമായ അനധികൃത റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ നടക്കുന്നതായാണ് ആക്ഷേപം. പരിസ്ഥിതിപ്രാധാന്യമുള്ള പ്രദേശമെല്ലാം നിയന്ത്രണമില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുന്നിടിച്ച് നിരപ്പാക്കുകയാണ്. പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തിയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിലും അനധികൃതപ്രവർത്തനങ്ങൾ നടക്കുന്നു. എസ് വളവിൽ അടക്കം ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായി ആക്ഷേപമുണ്ട്.

350 ലേറെ റിസോർട്ടുകൾ ചാലിയാർ പഞ്ചായത്തിന്റെ കീഴിലുണ്ട്. ഇവയിൽ പഞ്ചായത്തിന്റെ ലൈസൻസുള്ളവ കുറച്ചെണ്ണം മാത്രമാണ്. ബാക്കിയുള്ളവ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നു പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം തോണിയിൽ സുരേഷ് പറയുന്നു. പരിസ്ഥിതി ദുർബലപ്രദേശമാണ് കക്കാടംപൊയിൽ. റിസോർട്ടുകൾ ഏറ്റവും കൂടുതലുള്ള മേഖലയാണ് കക്കാടംപൊയിൽ ഉൾപ്പെടുന്ന ചാലിയാർ പഞ്ചായത്ത്. ട്രൈബൽ മേഖല കൂടിയാണ് ഇവിടം.
ആദ്യ നാളുകളിൽ വീടിന്റെ പെർമിറ്റ് സ്വന്തമാക്കിയ ശേഷം പിന്നീട് നികുതിവെട്ടിപ്പിനായി ഹോംസ്റ്റേയായി മാറ്റുകയാണെന്ന് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.മനോഹരൻ പറഞ്ഞു. മൂന്ന് മാസങ്ങൾക്കു മുൻപ് ചാലിയാർ പഞ്ചായത്ത് യോഗത്തിൽ അനധികൃത നിർമ്മാണത്തിനെതിരെ വാർഡംഗം ഗ്രീഷ്മ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള സമിതിയെ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും എങ്ങുമെത്തിയില്ല. പഞ്ചായത്തിന്റെ കീഴിൽ എത്ര റിസോർട്ടുകളുണ്ട്, എത്രയെണ്ണത്തിന് അനുമതിയുണ്ട് തുടങ്ങിയ കൃത്യമായ കണക്കു പോലും പഞ്ചായത്തിന്റെ കൈയിലില്ല. പല റിസോർട്ടുകളിലും രജിസ്റ്റർ ബുക്ക് പോലും സൂക്ഷിക്കുന്നില്ലെന്നാണ് ആക്ഷേപം.

പ്രകൃതിയെ

തകർക്കരുത്


കക്കാടംപൊയിൽ, നായാടംപൊയിൽ തുടങ്ങിയ സ്ഥലങ്ങൾ വിനോദസഞ്ചാരമേഖലയായി അതിവേഗം വികസിക്കുകയാണ്. പ്രകൃതിസുന്ദരമായ മലയോരപ്രദേശം റിയൽഎസ്റ്റേറ്റ് മാഫിയയുടെ കൈയിലകപ്പെട്ടിട്ട് വർഷങ്ങളായി. നിലമ്പൂരിൽ നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ കക്കാടംപൊയിലിലെത്താം. കാറ്റും കാനനഭംഗി ആസ്വദിക്കാനും കക്കാടംപൊയിൽ കയറുന്നവരും നിരവധിയാണ്. കാട്ടരുവികളും സസ്യങ്ങളും പക്ഷികളും എല്ലാം സമ്പന്നമായിരുന്ന കക്കാടംപൊയിലിന് ഇപ്പോൾ എല്ലാം നഷ്ടപ്പെടുകയാണ്. താപനില കുറവായിരുന്ന ഇവിടങ്ങളിൽ ഇപ്പോൾ ചൂട് കൂടുതലാണ്. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം പരിസ്ഥിതിയെ വളരെയധികം ബാധിച്ചിരിക്കുന്നു.

Advertisement
Advertisement