ഭിഷഗ്വരന്മാർ മറക്കുന്നതോ, അമിത ജോലിഭാരമോ ? പരമ്പര നാലാം ഭാഗം

Tuesday 21 May 2024 12:09 AM IST
അജിത്ത്

@വീണ്ടും ശസ്ത്രക്രിയാ പിഴവെന്ന് ആക്ഷേപം

അത്യധികം ശ്രദ്ധയോടെയും ജാഗ്രതയോടെയും മനഃസ്സാന്നിദ്ധ്യത്തോടെയും നിർവഹിക്കേണ്ട സങ്കീർണ പ്രക്രിയയാണ് രോഗചികിത്സയെന്നറിഞ്ഞിട്ടും സൂക്ഷ്മത കാണിക്കാൻ മറന്നുപോവുകയാണോ നമ്മുടെ ഭിഷഗ്വരന്മാർ?. അതോ ജോലിഭാരത്തെ തുടർന്ന് ശ്രദ്ധിക്കാൻ കഴിയാതിരിക്കുന്നതോ? രോഗികൾക്ക് നിവർന്ന് നിൽക്കാൻ ആത്മവിശ്വാസം നൽകിയിരുന്ന ലോകത്തിലെ തന്നെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജിൽ അശ്രദ്ധ നിത്യ സംഭവമായിരിക്കുകയാണ്.

കെെവിരലിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ പിഞ്ചുകുഞ്ഞിന്റെ അവയവം മാറി നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ചികിത്സാ പിഴവ് ആരോപണം കൂടി മെഡിക്കൽ കോളേജിനെതിരെ ഉയരുന്നത്.

കൈയ്ക്ക് പൊട്ടലിനുള്ള ശസ്ത്രക്രിയയ്ക്കിടെ കമ്പി മാറിയിട്ടുവെന്നാണ് പുതിയ ആക്ഷേപം. കോതിപ്പാലം പെരിഞ്ചീരിവളപ്പിൽ പി.വി. അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. പിഴവ് സംഭവിച്ചിട്ടില്ലെന്നും സാധാരണ നടക്കുന്ന ചികിത്സാ രീതിയാണ് ചെയ്തിട്ടുള്ളതെന്നുമുള്ള വാദമാണ് മെഡിക്കൽ കോളേജ് അധികൃതർ ഉയർത്തുന്നത്.

@സംഭവം ഇങ്ങനെ

പന്തൽ ജോലി കഴിഞ്ഞ് വരുമ്പോഴാണ് കഴിഞ്ഞ 11 ന് കണ്ണഞ്ചേരിയിൽ അജിത്തിന്റെ ബെെക്ക് അപകടത്തിൽപ്പെട്ടത്. ഗുരുതരമായ പരിക്കേറ്റ അജിത്തിനെ ആദ്യം ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ അജിത്തിന്റെ കണ്ണിനും താടിയെല്ലിനും പരിക്കും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു. ഒരാഴ്ച ആശുപത്രിയിൽ ചികിത്സ നടത്തിയതിന് ശേഷമാണ് 18ന് ഉച്ചയ്ക്ക് കെെയുടെ ഒടിവിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയ നടത്തിയതിനുശേഷം വാർഡിലെത്തിയ അജിത്തിന് അസഹ്യമായ വേദന അനുഭവപ്പെട്ടു. അജിത്ത് കരഞ്ഞെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞതിന്റെ വേദനയെന്നാണ് കുടുംബം കരുതിയിരുന്നത്. വേദന കൂടിയപ്പോൾ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് എക്സറേ എടുത്തു. എക്സറേ രണ്ട് തവണ പരിശോധിച്ച പി.ജി ഡോക്ടർ രാത്രി 11 മണിയോടെ അജിത്തിനടുത്തെത്തുകയും കെെയ്ക്ക് ഉപയോഗിച്ച കമ്പി മാറിപ്പോയെന്നും പെട്ടെന്നുതന്നെ മറ്റൊരു ശസത്രക്രിയ ചെയ്യണമെന്നും ഓപ്പറേഷൻ തിയേറ്ററിലേക്ക് വരാൻ തയ്യാറായിരുന്നോളൂ എന്നും അറിയിക്കുകയുമായിരുന്നു. എന്നാൽ കൂടെ ആരുമില്ലാത്തതിനാൽ ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വരാൻ പറ്റില്ലെന്ന് അറിയിച്ചപ്പോൾ വേണമെങ്കിൽ ചെയ്താമതിയെന്നും നിർബന്ധമില്ലെന്നും ഡോക്ടർ പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.

രണ്ട് മണിയോടെ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡ്യൂട്ടി നഴ്സിനോട് പറഞ്ഞെങ്കിലും നിങ്ങൾക്ക് തോന്നുമ്പോൾ ചെയ്യാൻ സാധിക്കില്ലെന്നും ഡോക്ടർ വീട്ടിൽ പോയെന്നും ഇനി വരാൻ പറ്റില്ലെന്നുമായിരുന്നു മറുപടിയെന്നും അജിത്തിന്റെ സഹോദരി സ്വാതി പറഞ്ഞു. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

@ ചെയ്തത് ശരിയായ ചികിത്സ: മേധാവി

കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് മെഡി.കോളേജിന്റെ വിശദീകരണം.

കൈയിലെ മുട്ടിനു താഴെ ഒടിവുണ്ടായതിനാൽ ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയും ഈ ഒടിവിനു താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി ഒരു കമ്പി കൂടി ഇടുകയുമായിരുന്നു. ഇത് നാലാഴ്ചയ്ക്കു ശേഷം മാറ്റുമെന്നും അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു പറഞ്ഞു.

Advertisement
Advertisement