യുവതിയുടെ കൊലപാതകം: കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ

Wednesday 22 May 2024 1:40 AM IST

കാട്ടാക്കട:കാട്ടാക്കട മുതിയാവിളയിൽ വാടക വീടിനു സമീപത്തെ പുരയിടത്തിൽ പേരൂർക്കട സ്വദേശി മായാമുരളി (34) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. ഒളിവിലായിരുന്ന കുടപ്പനക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്താണ് (34) പിടിയിലായത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മായാമുരളി ഫയർഫോഴ്സിൽ സിവിൽ ഡിഫൻസിലെ ഡെപ്യൂട്ടി വാർഡനായി സന്നദ്ധ പ്രവർത്തനം നടത്തിവരികയായിരുന്നു.

യുവതിക്കൊപ്പം താമസിച്ചിരുന്ന പ്രതിയെ കൊലപാതകം നടത്തി 12 ദിവസങ്ങൾക്കുശേഷം ഇടുക്കി കമ്പംതേനി പ്രദേശത്തുനിന്നാണ് കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്‌തത്. ഇക്കഴിഞ്ഞ 9നാണ് മായാമുരളി കൊല്ലപ്പെട്ടത്. മൂക്കിനേറ്റ ക്ഷതവും മർദ്ദനവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. സംഭവത്തിനുശേഷം കാട്ടാക്കട ചൂണ്ടുപലകയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ രഞ്ജിത്ത് ഓടിച്ചിരുന്ന ഓട്ടോ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇയാൾ കുടപ്പനക്കുന്ന്,മെഡിക്കൽ കോളേജ്,പേരൂർക്കട,​നെയ്യാറ്റിൻകര തുടങ്ങി പലയിടത്തും ഓട്ടോയിലും ബസുകളിലും കാശുകൊടുക്കാതെ യാത്ര ചെയ്‌തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവിടങ്ങളിൽ നിന്നുള്ള സി.സി ടിവി ഉൾപ്പെടെ പരിശോധിച്ചു. എന്നാൽ ഈ സമയം മെഡിക്കൽ കോളേജിലെ സൗജന്യ ഭക്ഷണ കൗണ്ടറിൽ ഇയാളെത്തിയിരുന്നതായി പിന്നീടാണ് വിവരം ലഭിച്ചത്.

പ്രതി പേരൂർക്കട ഭാഗത്തുണ്ടെന്ന് മനസിലാക്കി പൊലീസ് നഗരത്തിലെ ഒഴിഞ്ഞ പ്രദേശങ്ങളിലെല്ലാം ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ പരിശോധിച്ചു. രണ്ടുതവണ പ്രതിക്കായി ലുക്കൗട്ട് നോട്ടീസിറക്കിയെങ്കിലും ഫലമുണ്ടായില്ല. പ്രതി മൊബൈലോ എ.ടി.എം കാർഡോ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തെ ബാധിച്ചു. ചിലയിടങ്ങളിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് സഹായകമായി.

ഓട്ടോ ഓടിക്കാനെത്തി,​

പിന്നീട് സൗഹൃദത്തിലായി

ഒരുവർഷം മുമ്പാണ് മായാ മുരളിയുടെ അച്ഛന്റെ ഓട്ടോ ഓടിക്കാനായി രഞ്ജിത്ത് എത്തുന്നത്. തുടർന്ന് ദിവസവും വീട്ടിൽ വന്നുപോയിരുന്ന ഇയാൾ ഓട്ടോ കളക്ഷൻ ആദ്യം പണമായാണ് നൽകിയിരുന്നത്. പിന്നീട് എന്നും വരാനുള്ള ബുദ്ധിമുട്ട് പറഞ്ഞ് മായാമുരളിയുടെ ഗൂഗിൾപേ നമ്പരിൽ പണമയയ്‌ക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്. ഭർത്താവ് മരിച്ചുപോയ മായാമുരളിയെ എട്ടുമാസം മുമ്പ് രഞ്ജിത്ത് ഒപ്പം കൂട്ടുകയായിരുന്നു. പലയിടങ്ങളിൽ കഴിഞ്ഞശേഷം രണ്ടുമാസം മുമ്പാണ് ഇവർ കാട്ടാക്കട മുതിയാവിളയിലെ വാടക വീട്ടിൽ താമസമാക്കുന്നത്. ഇരുവരും നിരന്തരം വഴക്കായിരുന്നുവെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി.

ഇവർക്കൊപ്പമുണ്ടായിരുന്നതായി സൂചന ലഭിച്ച പൂജാരിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇയാൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് കൂടുതൽ അന്വേഷിച്ചാലേ വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഫോട്ടോ: കൊല്ലപ്പെട്ട മായാമുരളി

ഫോട്ടോ: പ്രതി രഞ്ജിത്ത്

Advertisement
Advertisement