മേഘാലയയിൽ മരിച്ച മലയാളി സൈനികന് ജന്മനാടിന്റെ വിട

Wednesday 22 May 2024 12:44 AM IST
മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികൻ അനീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ

അത്തോളി: മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മനാട് വിട നൽകി. ഇന്ത്യൻ ആർമിയിൽ ഹവിൽദാറായ അനീഷിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30 ന് വിമാന മാർഗം കരിപ്പൂരിൽ എത്തിച്ചു.
122 ടെറിറ്റോറിയൽ ആർമി ബറ്റാലിയൻ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ പ്രസിഡന്റ് പ്രമോദ് ചീക്കിലോടിന്റെ നേതൃത്വത്തിൽ 100 ഓളം അംഗങ്ങൾ ഉൾപ്പെട്ട ബൈക്ക് റാലി അകമ്പടിയോടെ വിലാപ യാത്രയായി വൈകീട്ട് 3.30 ഓടെ സ്വദേശമായ അത്തോളിയിൽ എത്തിച്ചേർന്നു.

കുനിയിൽ കടവ് മരക്കാടത്ത് വീട്ടിൽ പൊതുദർശനത്തിന് വച്ചു. കാനത്തിൽ ജമീല എം. എൽ. എ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ,വൈസ് പ്രസിഡന്റ് സി. കെ. റിജേഷ് , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ. എം. സരിത, സുനീഷ് നടുവിലയിൽ,വാർഡ് മെമ്പർ സന്ദീപ് നാലുപുരയ്ക്കൽ ഡെപ്യൂട്ടി തഹസിൽദാർ ബി. ബബിത, വില്ലേജ് ഓഫീസർ ആർ. സുബ്രഹ്മണ്യൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. 122 ടി.എ ഇൻഫെന്ററി ബറ്റാലിയൻ നായിബ് സുബെദാർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.

Advertisement
Advertisement