ഇന്ത്യൻ എം.ബി.ബി.എസും യു.എസ് ഉപരിപഠനവും പ്രാക്ടീസും

Thursday 23 May 2024 1:44 AM IST

ഡോ.ടി.പി. സേതുമാധവൻ

ഇന്ത്യയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് അമേരിക്കയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ വിവിധ ഘട്ടങ്ങളായുളള വിലയിരുത്തലുകളും സർട്ടിഫിക്കേഷനുകളുമുണ്ട്. ആദ്യ ഘട്ടത്തിൽ, ഉദ്യോഗാർത്ഥി യു.എസ് ലൈസൻസിന് യോഗ്യനാണോ എന്നറിയാൻ, വിദ്യാഭ്യാസ കമ്മിഷൻ ഫോർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് (ഇ.സി.എഫ്.എം.ജി) വിദ്യാഭ്യാസ യോഗ്യതകൾ വിലയിരുത്തണം. തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് മെഡിക്കൽ ലൈസൻസിംഗ് എക്‌സാമിനേഷൻ (USMLE) സ്റ്റെപ്പ് 1, സ്റ്റെപ്പ് 2 ക്ലിനിക്കൽ നോളജ് (CK), സ്റ്റെപ്പ് 2 ക്ലിനിക്കൽ സ്‌കിൽസ് (CS) എന്നിവ വിജയകരമായി പൂർത്തിയാക്കണം. യു.എസിൽ മെഡിസിൻ പരിശീലിക്കാനുളള ഒരാളുടെ അറിവും കഴിവുകളും തൊഴിൽ നൈപുണ്യവും ഈ പരീക്ഷകളിലൂടെ വിലയിരുത്തപ്പെടും.

പരീക്ഷകൾ വിജയിക്കുമ്പോൾ ദേശീയ റസിഡന്റ് മാച്ചിംഗ് പ്രോഗ്രാമോ (NRMP) അല്ലെങ്കിൽ സമാനമായ മാച്ചിംഗ് സംരംഭങ്ങളോ ഉപയോഗിച്ച് അവർ റെസിഡൻസി പോസ്റ്റുകൾക്ക് അപേക്ഷിക്കണം. റെസിഡൻസി പ്രോഗ്രാമുകൾ വളരെ മത്സരാധിഷ്ഠിതമാണ്.

അപേക്ഷകർ അവരുടെ യോഗ്യതകളും പ്രോഗ്രാമുമായുളള അനുയോജ്യതയും തെളിയിക്കേണ്ടതുണ്ട്. തുടർന്ന് വിദ്യാർത്ഥികൾക്ക് അവർ തിരഞ്ഞെടുത്ത സ്‌പെഷ്യലൈസേഷൻ മേഖലയിൽ റെസിഡൻസി പരിശീലന കോഴ്‌സിന് ചേരാം. റെസിഡൻസി പരിശീലനം പൂർത്തിയാക്കാൻ സാധാരണയായി മൂന്ന് മുതൽ ഏഴ് വർഷം വരെ എടുക്കും. റസിഡൻസി പരിശീലനം പൂർത്തിയാക്കിയവർക്ക് അവരുടെ മേഖലയിൽ സർട്ടിഫൈ ചെയ്യാനുളള അവസരം ലഭിക്കും. ഇതിനായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റ് ബോർഡ് നടത്തുന്ന വിലയിരുത്തലുകൾ പൂർത്തിയാക്കണം. ഇതോടൊപ്പം അവർക്ക് ബിരുദാനന്തര പഠനത്തിനുളള അവസരങ്ങൾ ലഭിക്കും.

USMLE ഘട്ടങ്ങൾ

....................................

USMLE ഘട്ടം 1- അഭിരുചി വിലയിരുത്തും. മികച്ച തയ്യാറെടുപ്പു നടത്തണം. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. USMLE ഘട്ടം രണ്ടിന് 2 ഭാഗങ്ങളിലുണ്ട്. ക്ലിനിക്കൽ അറിവ് (USMLE CK), ക്ലിനിക്കൽ കഴിവുകൾ (USMLE CS) എന്നിവ വിലയിരുത്തപ്പെടും. USMLE ഘട്ടം 3- ഇത് മറ്റൊരു എഴുത്തുപരീക്ഷയാണ്, എന്നാൽ 1, 2 ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത് രണ്ട് ദിവസത്തെ വിലയിരുത്തലാണ്.

USMLEക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ വെരിഫിക്കേഷൻ, സ്റ്റാറ്റസ് വിലയിരുത്തൽ, ഡോക്യുമെന്റേഷൻ, പ്രോസസ്സിംഗ്, ടെസ്റ്റ് പ്രാക്ടീസ് എന്നിവ വിവിധ ഘട്ടങ്ങളിലുണ്ട്. ECFMG യാണ് USMLE നടപ്പിലാക്കുന്നത്. വെബ്സൈറ്റ് www.usmle.org.

Advertisement
Advertisement