നാശത്തിന്റെ വക്കിൽ കൂട്ടിക്കൽ പൊലീസ് എയ്ഡ് പോസ്റ്റ് ... കാടുകയറുന്നത് തൊണ്ടിമുതലല്ല !

Wednesday 22 May 2024 10:30 PM IST

മുണ്ടക്കയം : കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ സ്ഥാപിച്ചതാണ്. പക്ഷെ ഇപ്പോൾ ഈ കെട്ടിടത്തിനും പരിസരങ്ങളിലും നടക്കുന്നതോ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും. പ്രവർത്തനം നിലച്ചിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുന്ന കൂട്ടിക്കൽ പൊലീസ് എയ്ഡ് പോസ്റ്റ് കാടുകയറി നശിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. കാടിന്റെ മറ പറ്റി രാത്രികാലങ്ങളിലടക്കം സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്. ഏറെ വിസ്തൃതിയുള്ള മുണ്ടക്കയം സ്റ്റേഷനിൽ നിന്ന് വാഗമണ്ണിന്റെ മലമടക്കുകളിൽ വരെ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട്, കോലാഹലമേട് പ്രദേശങ്ങളിൽ പൊലീസിന്റെ സേവനം ലഭിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. മുണ്ടക്കയം സ്റ്റേഷന്റെ അതിർത്തിപ്രദേശമായ കോലാഹലമേട്ടിൽ എത്തണമെങ്കിൽ 45 കിലോമീറ്ററിലധികം സഞ്ചരിക്കണം. കുട്ടിക്കൽ എയ്ഡ് പോസ്റ്റിൽ നിന്ന് ഏന്തയാർ ഇളങ്കാട് വഴി 25 കിലോമീറ്റർ സഞ്ചരിച്ചാൽ കോലാഹലമേട്ടിൽ എത്തിച്ചേരാനാകും. ടൗണിൽ നിന്ന് 500 മീറ്റർ മാറിയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കരിങ്കല്ല് കൊണ്ട് നിർമിച്ച കെട്ടിടത്തിന് മേൽക്കൂര മാത്രമാണ് നശിച്ചിരിക്കുന്നത്.

സിമി ക്യാമ്പ് നടന്ന പ്രദേശം

വർഷങ്ങൾക്കുമുമ്പ് സിമി ക്യാമ്പ് നടന്ന പ്രദേശം കൂടിയാണ് ഇവിടം. നാല് പൊലീസുകാരും, ഒരു അഡീഷണൽ എസ്.ഐയും ഉൾപ്പെടെ 24 മണിക്കൂറായിരുന്നു സേവനം. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സ്, കുറ്റവാളികളെ പാർപ്പിക്കാനുള്ള സെല്ലും സജ്ജമാക്കിയിരുന്നു. പിന്നീട് കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിൽ പൊലീസ് സ്റ്റേഷൻ ആവശ്യം ഉയരുകയും ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. മുണ്ടക്കയം സ്റ്റേഷനിൽ മതിയായ ജീവനക്കാർ ഇല്ലാതായതോടെ കൂട്ടിക്കൽ എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനവും നിലച്ചു.

ഉരുപ്പടികൾ കൂട്ടിയിട്ടിരിക്കുന്നു

എയ്ഡ് പോസ്റ്റിലും അനുബന്ധ ക്വാർട്ടേഴ്‌സുകളിലും വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ഉരുപ്പടികൾ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് പൊലീസ് നിരീക്ഷണകേന്ദ്രമോ മറ്റേതെങ്കിലും സർക്കാർ ഓഫീസോ ആരംഭിക്കണമെന്നാണ് ആവശ്യം.

തുടങ്ങിയ കാലത്ത് : 5 പൊലീസുകാരുടെ സേവനം

''സർക്കാർ കെട്ടിടം എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത്. എയ്ഡ് പോസ്റ്റ് പുന:രാരംഭിച്ചാൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും, പ്രദേശത്ത് സദാസമയം നിരീക്ഷണം നടത്താനുമാകും. മുണ്ടക്കയം സ്റ്റേഷനിൽ നിന്ന് എളുപ്പത്തിൽ പല പ്രദേശങ്ങളിലേക്കും എത്തിച്ചേരാനാകില്ല.

-രാജേഷ്, കൂട്ടിക്കൽ

Advertisement
Advertisement