പ്രതിക്ക് മാനസികരോഗമില്ല,ഡോ. വന്ദനയെ ആക്രമിച്ചത് കൊല്ലാനെന്ന് പ്രോസിക്യൂഷൻ

Thursday 23 May 2024 2:17 AM IST

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസ് പ്രതിക്ക് മാനസിക രോഗമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം ഖണ്ഡിച്ച് പ്രോസിക്യൂഷൻ.

കുറ്രപത്രത്തിലും കുറ്റമുക്തനാക്കണമെന്ന പ്രതിഭാഗം ഹർജിയിലുമാണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ വാദപ്രതിവാദം നടന്നത്.

കൃത്യമായ ഉദ്ദേശ്യത്തോടെയും തയ്യാറെടുപ്പോടെയും നടത്തിയ നിഷ്ഠുരമായ ആക്രമണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാദാസിന് നേരെ പ്രതി നടത്തിയതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ വാദിച്ചു. പ്രതിക്കെതിരെ കൊലപാതകവും കൊലപാതക ശ്രമവുമുൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കും. ഡ്രസിംഗ് റൂമിൽ ബഹളമുണ്ടാക്കിയതും കത്രിക കൈക്കലാക്കിയതും ആക്രമിക്കപ്പെട്ടവരുടെ ശരീരത്തിൽ പല തവണ മുറിവേൽപ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശ്യം വെളിവാക്കുന്നതാണ്. വന്ദനയുടെ കൈകളിൽ പിടിച്ച് ബലമായി ഇരുത്തി 26 തവണ നെഞ്ചിലും മുഖത്തും മറ്റും കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണത്തിന് തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അന്വേഷണ വേളയിൽ വിവരങ്ങൾ പൊലീസ് മാദ്ധ്യമങ്ങളിൽ നൽകിയെന്ന് പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. എന്നാൽ സത്യസന്ധമായ അന്വേഷണ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാദ്ധ്യമ ധർമ്മമാണെന്നും അത് വിലക്കാനാവില്ലെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിരും ഹാജരായി.

Advertisement
Advertisement