ജെ.എൻ.യു കോഴ്സ് ആദ്യമായി കേരളത്തിൽ
ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു) കോഴ്സുകൾ കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഒഫ് മാസ് കമ്മ്യൂണിക്കേഷനിൽ (മാഗ്കോം) ആരംഭിച്ചു. കേരളത്തിൽ ആദ്യമാണ്. പി.ജി ഡിപ്ലോമ ഇൻ ജേണലിസം (പി.ജി.ഡി.ജെ) കോഴ്സിലേക്ക് പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. ബിരുദമാണ് യോഗ്യത. അഭിരുചി നിർണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
കോഴ്സിന്റെ പഠനകേന്ദ്രവും പരീക്ഷാകേന്ദ്രവും മാഗ്കോം ആണ്. മൾട്ടിമീഡിയ ക്ലാസ് മുറികളും അതിനൂതന കമ്പ്യൂട്ടർ ലാബും സ്റ്റുഡിയോകളുമായി ക്യാമ്പസ് ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ പത്ര, ദൃശ്യ, ഡിജിറ്റൽ മാദ്ധ്യമ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും കോഴ്സ്. പ്രായോഗിക പരിശീലനം വഴി നൈപുണ്യ വികസനം ഉറപ്പാക്കുന്നതിനാണ് ഊന്നൽ. ടെലിവിഷൻ ന്യൂസ്, പ്രോഗ്രാം പ്രൊഡക്ഷനുകൾക്കൊപ്പം ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ലേഔട്ട്, റിപ്പോർട്ടിംഗ്, എഡിറ്റിംഗ്, ഫോട്ടോഗ്രഫി വിഡിയോഗ്രഫി, മാദ്ധ്യമഭാഷ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കും. ജെ.എൻ.യു കോഴ്സായതിനാൽ കേന്ദ്രസർക്കാർ ജോലികൾക്ക് അംഗീകാരമുണ്ടാകും. മാദ്ധ്യമസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പോടുകൂടിയ കോഴ്സിൽ ചേരുന്നവർക്ക് തൊഴിലിനായി പിന്തുണയും നൽകും. ജെ.എൻ.യുവിനു വേണ്ടി വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്കോമിനുവേണ്ടി ഡയറക്ടർ എ.കെ.അനുരാജും രേഖകളിൽ ഒപ്പുവച്ചു.