പണി തീർന്നു,​ തുറക്കാതെ തിരൂരിലെ വനിതാ വിശ്രമ കേന്ദ്രം

Thursday 23 May 2024 12:08 AM IST

തിരൂർ: മിനി സിവിൽ സ്റ്റേഷനിലെത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനും മുലപ്പാലൂട്ടുന്നതിനുമായി നിർമ്മിച്ച വനിതാവിശ്രമകേന്ദ്രം നിർമ്മാണം പൂർത്തിയായിട്ടും തുറന്നില്ല. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമ്മിച്ച കേന്ദ്രം പണി പൂർത്തിയായിട്ട് അഞ്ചു മാസം കഴിഞ്ഞു. പൊതുമരാമത്തു വകുപ്പ് നിർമ്മാണം പൂർത്തിയാക്കി കെട്ടിടം തിരൂർ തഹസിൽദാർക്ക് കൈമാറി. വൈദ്യുതി കണക്‌ഷൻ കിട്ടാത്തതാണ് കെട്ടിടം തുറക്കാൻ തടസമാവുന്നത്.

തിരൂർ താലൂക്ക്‌ ഓഫീസ്, ജോയിന്റ് ആർ.ടി.ഒയുടെ ഓഫീസ്, തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർ.ഡി.ഒയുടെ ഓഫീസ് അടക്കം തിരൂർ താലൂക്കിലെ ഇരുപതോളം സർക്കാർ ഓഫീസുകളുടെ സിരാകേന്ദ്രമാണ് ർ മിനി സിവിൽ സ്റ്റേഷൻ പരിസരം. നൂറു കണക്കിന് വനിതകളടക്കം നിരവധി പേർ വിവിധ ആവശ്യകൾക്കായി ഇവിടെയെത്തുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങളുമായി ധാരാളം വനിതകളും പ്രായമായ സ്ത്രീകളും എത്തിച്ചേരുന്നതിനാൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും പ്രാഥമികാവശ്യങ്ങൾക്കുമായാണ് മിനി സിവിൽ സ്റ്റേഷന്റെ പിൻഭാഗത്ത് ഫീഡിംഗ് റൂമും വിശ്രമമുറിയും മൂന്ന് ബാത് റൂമുകളുമടക്കമുള്ള കെട്ടിടം നിർമ്മിച്ചത്.

നിലവിൽ കുട്ടികൾക്കു മുലയൂട്ടാൻ ആളൊഴിഞ്ഞ പറമ്പും മറ്റു കെട്ടിടങ്ങളും ആശ്രയിക്കേണ്ട ഗതികേടിലാണ് സ്ത്രീകൾ.

വേണം വൈദ്യുതിയും സ്റ്റാഫും

പൂർണ്ണമായും കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ വനിതാ വിശ്രമകേന്ദ്രം ജനുവരിക്കു മുൻപായി തിരൂർ തഹസിൽദാറിന് കൈമാറിയിരുന്നു.

വൈദ്യുതി കണക്‌ഷൻ ലഭ്യമാവാത്തതും സ്ഥിരം സ്റ്റാഫിനെ കണ്ടെത്താത്തതുമാണ് കെട്ടിടം തുറക്കാൻ തടസമെന്നാണ് അധികൃതരുടെ വിശദീകരണം.

എത്രയും പെട്ടെന്ന് തടസങ്ങൾ നീക്കി കെട്ടിടം തുറക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ ജില്ലാ കളക്ടർക്കും മറ്റു ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.

വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്

വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതാണ് പ്രശ്നം. സ്ഥിരമായി ഒരു വനിതാ സ്റ്റാഫിനെ ലഭ്യമാക്കാൻ തിരൂർ നഗരസഭയെ സമീപിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വനിതാ വിശ്രമകേന്ദ്രം തുറക്കാനുള്ള നടപടി സ്വീകരിക്കും.

ഷീജ,​ തിരൂർ തഹസിൽദാർ

Advertisement
Advertisement