ഇഴഞ്ഞ് മലയോരപാത നിർമ്മാണം: ഒപ്പം മഴയും

Thursday 23 May 2024 12:12 AM IST

കാളികാവ്: മലയോര ഹൈവേയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെ മഴകൂടി പെയ്തത് നാട്ടുകാരെ ദുരിതത്തിലാക്കി. തിങ്കളാഴ്ച മലയോരത്ത് പെയ്ത കനത്ത മഴയിൽ റോഡും അരികും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ വെള്ളം നിറഞ്ഞു. മണിക്കൂറുകൾ മഴ ചെയ്തതോടെ റോഡിലെ വെള്ളം വീടുകളിലും കയറി. നിർമ്മാണത്തിലിരിക്കുന്ന കാളികാവ് - പൂക്കോട്ടുംപാടം റീച്ചിന്റെ ഭാഗത്ത് ഗതാഗതം ദുഷ്ക്കരമായി.

ചോക്കാട് അങ്ങാടിയിലെ നിർമ്മാണത്തിലിരിക്കുന്ന ഓവുപാലത്തിന്റെ അരിക് ഇടിഞ്ഞത് മൂലം ഇന്നലെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി.

നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പലയിടങ്ങളിലും റോഡ് പൊളിച്ചുമാറ്റിയിട്ടുണ്ട്. വെയിലായാൽ പൊടിയും മഴയായാൽ വെള്ളക്കെട്ടും ചെളിയുമാണിവിടെ. വെള്ളക്കെട്ടിലൂടെ വാഹനം കൊണ്ടുപോയാൽ തന്നെ ഇടയിലുള്ള കലുങ്കുകളും കിടങ്ങുകളും തിരിച്ചറിയാനാവില്ല.

റോഡിന്റെ ഒരു വശത്ത് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ മണ്ണെടുത്തതും അപകടസാദ്ധ്യത കൂട്ടി. ചെറിയ മഴ പെയ്താൽ പോലും പുഴയിൽ നിന്ന് വെള്ളം കയറാൻ സാദ്ധ്യതയുള്ള മങ്കുണ്ട് ഭാഗത്ത് മുട്ടോളം വെള്ളമാണ് ഒറ്റ മഴയ്ക്ക് രൂപപ്പെട്ടത്. വെള്ളമുണ്ട,​ മങ്കുണ്ട് ഭാഗത്ത് ഒന്നര മീറ്ററിലേറെ റോഡ് ഉയർത്തണമെന്ന് വ്യാപാരികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.

നാട്ടുകാർ അന്നേ പറഞ്ഞു

  • വേനൽക്കാലത്ത് മലയോര ഹൈവേ നിർമ്മാണ രൂപരേഖ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് റോഡിന്റെ വർഷക്കാലത്തെ അവസ്ഥ തിരിച്ചറിയാൻ കഴിഞ്ഞില്ല.
  • പ്രവൃത്തി തുടങ്ങിയപ്പോൾ എ.പി.അനിൽ കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ നാട്ടുകാരും വ്യാപാരികളും പ്രശ്നം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷേ,​ നിലവിലെ അലൈൻമെൻറ് മാറ്റാനാകില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ചു നിന്നു.
  • പുഴയിൽ നിന്ന് വെള്ളം കയറാതെ തന്നെ റോഡിൽ ഒരു മീറ്ററോളം വെള്ളം കയറുന്ന അവസ്ഥയാണ്.
  • ഓട നിർമ്മാണം പൂർത്തിയാവാത്തതിനാൽ മഴ വെള്ളം മുഴുവനും റോഡിൽ തങ്ങി നിൽക്കുകയാണ്.
Advertisement
Advertisement