പുലിയൂർവഞ്ചിയിൽ വീട് ഇടിഞ്ഞു വീണു

Thursday 23 May 2024 12:26 AM IST
പുലിയൂർവഞ്ചിയിൽ തകർന്നു വീണ വീട്

തൊടിയൂർ: തോരാതെ പെയ്ത മഴയിൽ തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ഹാഷിം മൻസിലിൽ അബ്ദുൽ സലാമിന്റെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണു. ഇഷ്ടിക കെട്ടി ഓടുമേഞ്ഞ മൂന്നു മുറികളുള്ള വീടിന്റെ അടക്കള ഭാഗം വാട്ടർ ടാങ്ക് സഹിതം നിലംപതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. അടുക്കള ഭാഗം തകർന്നു വീഴുന്ന സമയത്ത് അബ്ദുൽ സലാം, ഭാര്യ ബേനസീർ, മക്കളായ ഫാത്തിമ, ഹാഷിം, ഷിഫാന എന്നിവർ മറ്റ് മുറികളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ബാക്കി ഭാഗങ്ങൾ ഏത് സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്. ഹൃദ്രോഗിയായ അബ്ദുൽ സലാം ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. വാർഡ് അംഗം വിജയകുമാർ വീട് തകർന്നു വീണ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണിത്.

ഇതേ വീടിന് ഏറെ അകലെയല്ലാത്ത പത്മനാഭാലയം മണിക്കുട്ടന്റെ വീട്ടുമുറ്റത്തെ കിണർ താഴേക്ക് ഇരുത്തി. ഏഴു തൊടികളുള്ള കിണറാണ് ഒരടിയോളംതാഴ്ന്നത്.

Advertisement
Advertisement