മോദിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

Friday 24 May 2024 4:19 AM IST

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധിക്കുമെന്ന് ചെന്നൈയിലെ എൻ.ഐ.എ ഓഫീസിൽ ഭീഷണി എത്തിയതോടെ സുരക്ഷ ശക്തമാക്കി. കർഷകസമരവും ഖാലിസ്ഥാൻ ഭീഷണിയും നിലനിൽക്കെ ഇന്നലെ പഞ്ചാബിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് മോദി. ഇന്നലെ പട്യാലയിൽ റാലിയിൽ പങ്കെടുത്തു. ഇന്ന് ഗുർദാസ്‌പൂരിലും ജലന്ധറിലുമാണ് റാലികൾ.

ബുധനാഴ്ച രാത്രി ഒൻപതരയോടെ ചെന്നൈ എൻ.ഐ.എ ഓഫീസിലാണ് അജ്ഞാതന്റെ വധഭീഷണിയെത്തിയത്. ഭീഷണിപ്പെടുത്തിയ ഉടൻ കാൾ കട്ടുചെയ്‌തു. ഹിന്ദിയിലായിരുന്നു സംസാരം. എൻ.ഐ.എ ചെന്നൈ പൊലീസിനെ അറിയിച്ചു. ഫോൺനമ്പരും കൈമാറി. ചെന്നൈ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. ഐ.ബി ഉൾപ്പെടെ ഏജൻസികളും അന്വേഷണം ഊർജ്ജിതമാക്കി.

മദ്ധ്യപ്രദേശിൽ നിന്നാണ് ഫോൺകാളെന്ന് പൊലീസ് കണ്ടെത്തി. പിടികിട്ടാപ്പുള്ളികളുടെ വിവരങ്ങൾ അറിയാൻ കൺട്രോൾ റൂം ഫോൺനമ്പരുകൾ എൻ.ഐ.എ പുറത്തുവിട്ടിരുന്നു. ഇതിലെ ഒരു നമ്പരിൽ നിന്നാണ് വിളി വന്നത്.

പഞ്ചാബിൽ അതീവസുരക്ഷ

ബുധനാഴ്ച പട്യാലയിലെ ഫ്ലൈ ഓവറിൽ ഖാലിസ്ഥാൻ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പേരിലും ഗ്രാഫിറ്റി വരച്ചിരുന്നു. ഇന്നലെ മോദി പട്യാലയിൽ എത്തും മുൻപ് കർഷക പ്രതിഷേധവും ആരംഭിച്ചിരുന്നു. മോദിയെ കരിങ്കൊടി കാട്ടുമെന്ന് വിവിധ കർഷകസംഘടനകൾ പ്രഖ്യാപിച്ചിരിക്കയാണ്. മോദി പോകുന്ന വഴികളും പ്രസംഗവേദികളും കനത്ത സുരക്ഷയിലാണ്. പട്യാലയിൽ ഇന്നലെ 6000 പൊലീസുകാരെയാണ് വിന്യസിച്ചത്.

നേരത്തെയും ഭീഷണി

മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് വീഡിയോ പുറത്തിറക്കിയ ഹൈദരാബാദിലെ തൊഴിലാളിയെ മാർച്ചിൽ അറസ്റ്റ് ചെയ്‌തിരുന്നു. രംഗംപെട്ട് സ്വദേശി മുഹമ്മദ് റസൂൽ കഡാരെയാണ് പിടിയിലായത്.

Advertisement
Advertisement