കൊച്ചി ബിനാലെ കൊച്ചിക്ക് അന്യമായേക്കും

Friday 24 May 2024 12:29 AM IST

ഫോർട്ട്കൊച്ചി: കൊച്ചിയുടെ സ്വന്തമെന്ന് അഹങ്കരിച്ചിരുന്ന മുസരീസ് ബിനാലെയ്ക്ക് കൊച്ചിയിൽ തിരശീല വീഴാൻ സാദ്ധ്യത. ബിനാലെയുടെ സ്ഥിരം വേദി നഷ്ടമായതും പകരം വേദി കണ്ടെത്താൻ കഴിയാത്തതും ബിനാലെ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൊച്ചി ബിനാലെയുടെ സ്ഥിരംവേദിയായ ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഇന്ത്യൻ തീരരക്ഷാ സേനയ്ക്ക് കൈമാറിയതോടെയാണ് ബിനാലെയുടെ സ്ഥിരംവേദി നഷ്ടമായത്. 2012 ൽ തുടങ്ങിയ കൊച്ചി മുസരിസ് ബിനാലെയുടെ ആറാമത് എഡിഷനാണ് 2024 ൽ നടക്കേണ്ടിയിരുന്നത്. കുട്ടി ബിനാലെയെന്ന പേരിൽ പ്രത്യേക വേദിയൊരുക്കിയെങ്കിലും ആറാം പതിപ്പ് കൊച്ചിയിൽ നടക്കുമെന്നുറപ്പാക്കാൻ കൊച്ചിൻ ബിനാലെ ഫൗണ്ടേഷനിലെ സംഘാടകർക്ക് കഴിയുന്നില്ല.

നിസഹകരണം മുതൽ തണുത്ത പ്രതികരണം വരെ

ഏഷ്യയിലെ സമകാലിക മേളയായും ഇന്ത്യയിലെ ഒന്നാംനിര അന്താരാഷ്ട കലാപ്രദർശനമേളയായും പ്രസിദ്ധമാണ് കൊച്ചി ബിനാലെ. രണ്ടു വർഷത്തെ ഇടവേളയിലാണ് വൈവിധ്യ കലാസൃഷ്ടി പ്രദർശനങ്ങൾ നടക്കുന്നത്. 2012ൽ 14 ഗ്യാലറികളിൽ തുടങ്ങിയ ബിനാലെയിൽ സ്വദേശികളും വിദേശികളുമായ 400 ലേറെ കലാകാരന്മാരുടെ സൃഷ്ടികളാണ് ഇതിനോടകം പ്രദർശിപ്പിച്ചിട്ടുള്ളത്. ഇടതു സഹയാത്രികരായ എം.എ.ബേബി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരടങ്ങുന്ന സംഘം നടത്തിപ്പുകാരായെത്തിയാണ് ബിനാലെയ്ക്ക് തുടക്കമിട്ടത്. സ്പോൺസർഷിപ്പിലൂടെ അറേബ്യൻ വാണിജ്യ പ്രമുഖരും നടത്തിപ്പിന്റെ ഭാഗമായി.

ആദ്യപതിപ്പ് മുതൽ രാജ്യ വിരുദ്ധതയിൽ വിവാദങ്ങളിലായ ബിനാലെ തുടർന്ന് പ്രാദേശിക എതിർപ്പുകളും നേരിട്ടു തുടങ്ങി. നിരോധിത സംഘടനകളുടെ പതാകകളുടെ പ്രദർശനം, കാശ്മീരി വിദ്യാർത്ഥികളുടെ ആസാദി കാശ്മീർ നാടകാവതരണം, സംഘാടകനായ.റിയാസ് കോമു സ്ത്രീപീഡന കേസിലകപ്പെട്ടത്, ജനങ്ങളിൽ നിന്നുള്ള തണുത്ത പ്രതികരണം, കലാകാരന്മാരുടെ നിസ്സഹകരണം, സാമ്പത്തിക ക്രമക്കേട് പരാതികൾ, സർക്കാറിന് നികുതി നഷ്ടം തുടങ്ങി കൊച്ചിയിലെ അട്ടിമറി ഭീഷണി വരെ കൊച്ചി ബിനാലെ അനിശ്ചിതത്വത്തിലാക്കാൻ കാരണമായി. ബിനാലെ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്. 2018ൽ ബിനാലെയ്ക്ക് സ്ഥിരം വേദിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ പ്രഖ്യാപനം വെറുംവാക്കായി.

മാതൃക വെനീസ് ബിനാലെ

തുടക്കം 2012 ഡിസംബർ 12

പ്രദ‍ർശന സൃഷ്ടികൾ

സിനിമ, ശില്പം, പെയിൻ്റിംഗ്, ഇൻസ്റ്റലേഷനുകൾ, നവമാധ്യമങ്ങൾ, പ്രകടന കലകൾ

ആകെ ചെലവ് 20 കോടി

സ‍ർക്കാർ വിഹിതം 5 കോടി

ബിനാലെ കൊച്ചിയിൽ നിലനിർത്തണം. അതിന് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണം.

അഡ്വ ആൻറണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കൊച്ചിൻ കോർപ്പറേഷൻ

Advertisement
Advertisement