മത്സ്യക്കുരുതി: റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെന്ന് മന്ത്രി പി.രാജീവ്

Friday 24 May 2024 12:45 AM IST

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിൽ ഫോർട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ശനിയാഴ്ച റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യങ്ങൾ നശിക്കാനിടയായ സാഹചര്യം ലാബ് റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ. ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും പരിശോധിക്കും. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

കൂട് മത്സ്യ കൃഷിക്കാരുടെ നഷ്ടം സംബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ ദീർഘകാല നടപടി സ്വീകരിക്കും. കളമശ്ശേരി ടി.സി.സി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ കെ. മീര, എലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement