അരൂരിൽ ഗതാഗതക്കുരുക്ക്, വെള്ളക്കെട്ട്

Friday 24 May 2024 1:48 AM IST

അരൂർ: കനത്ത മഴയിൽ വെള്ളക്കെട്ടിലായ അരൂർ - തുറവൂർ ദേശീയ പാതയിൽ ഇന്നലെ രാവിലെ ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയത് യാത്രക്കാരെ വലച്ചു. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന റോഡിൽ ചന്തിരൂർ മേഖലയിലുണ്ടായ കനത്ത വെളളക്കെട്ടും ടിപ്പർ ലോറി കേടായി വഴിയിൽ കിടന്നതുമാണ് ഗതാഗതം സ്തംഭിപ്പിച്ചത്. തുടർന്ന് അരൂരിൽ നിന്നും തുറവൂരിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ സമാന്തരറോഡുകൾ വഴി തിരിച്ചു വിട്ടു. അരൂർ പൊലീസും ഫയർഫോഴ്സും ചേർന്ന് വാഹനവും വെള്ളക്കെട്ടും നീക്കം ചെയ്ത് ഒമ്പതരയോടെയാണ് ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായി പുനസ്ഥാപിച്ചത്. ശക്തമായ മഴയിൽ ദേശീയപാതയോരത്തുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി നാശനഷ്ടമുണ്ടായി. കാനയും മറ്റും ഇല്ലാത്തതിനാൽ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായതോടെ മഴവെള്ളം കെട്ടിനിൽക്കുന്നത് കാരണമുള്ള ഗതാഗതക്കുരുക്കും ദേശീയപാതയിൽ രൂക്ഷമാണ്. അരൂർ ക്ഷേത്രം കവല,അരൂർ പെട്രോൾ പമ്പ്, ചന്തിരൂർ പാലത്തിനു സമീപം, കൊച്ചുവെളിക്കവല, എരമല്ലൂർ പിള്ളമുക്ക്, എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.

Advertisement
Advertisement