ഹെയർകട്ട് ഫോബിയ ! 12കാരനെ പുറത്താക്കുമെന്ന് സ്കൂൾ

Friday 24 May 2024 7:37 AM IST

ലണ്ടൻ : ഒരു വസ്തുവിനോടോ വ്യക്തിയോടോ സ്ഥലത്തോടോ അല്ലെങ്കിൽ സന്ദർഭത്തോടോ ഒരു വ്യക്തിയ്ക്ക് തോന്നുന്ന അസാധാരണമായ ഭീതിയെ നാം ഫോബിയ എന്ന് പറയുന്നു. വിവിധ തരം ഫോബിയകളെ പറ്റി നാം കേട്ടിരിക്കുന്നു. ഇടിമിന്നൽ, ചിലന്തി, ഇഴജന്തുക്കൾ, ഏകാന്തത, ചില രൂപങ്ങൾ അങ്ങനെ നീളുന്നു ചിലരിൽ കണ്ടുവരുന്ന ഫോബിയ അവസ്ഥകളുടെ വകഭേദങ്ങൾ. അത്തരത്തിൽ വിചിത്രമായ ഒരു ഫോബിയ ആണ് 'ടോൺഷർഫോബിയ ". മുടി വെട്ടുന്നതിനോടുള്ള അകാരണമായ പേടിയാണ് ടോൺഷർഫോബിയ. അപൂർവമായ ഈ അവസ്ഥ മൂലം സ്കൂളിൽ പോലും പോകാനാകാതെ ബുദ്ധിമുട്ടുകയാണ് യു.കെയിലെ 12 വയസുകാരനായ ഫറൂഖ് ജെയിംസ്. പേടി കാരണം തലമുടി മുറിച്ചിട്ടില്ല ഫറൂഖ്. സമപ്രായത്തിലെ പെൺകുട്ടികളേക്കാളും ഇടതൂർന്ന മുടിയാണ് ഫറൂഖിന്. ഫറൂഖിന്റെ തലമുടി കൗതുകത്തോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്. ആൺകുട്ടി ആയതിനാൽ തലമുടി വെട്ടിയൊതുക്കാൻ പലരും ഉപദേശിക്കുന്നുമുണ്ട്. എന്നാൽ ഫറൂഖ് അതിന് തയാറല്ല. ഫറൂഖിന്റെ അവസ്ഥയെ പറ്റി മാതാപിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ട്. അതിനാൽ അവരിൽ നിന്ന് സമ്മർദ്ദം നേരിടേണ്ട സാഹചര്യമില്ല. എന്നാൽ പ്രശ്നമിപ്പോൾ മറ്റൊന്നുമല്ല. സ്കൂൾ അധികൃതർ ഫറൂഖിനെ ക്ലാസിൽ പ്രവേശിപ്പിക്കുന്നില്ല. മുടി വെട്ടിയിട്ട് ക്ലാസിൽ കയറിയാൽ മതിയെന്നാണ് അവരുടെ നിലപാട്. ഫറൂഖിന്റെ തലമുടി സഹപാഠികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി സ്കൂൾ അധികൃതർ പറയുന്നു. ഡോക്ടറിൽ നിന്നുള്ള ഫറൂഖിന്റെ സർട്ടിഫിക്കറ്റുകളൊന്നും അംഗീകരിക്കാൻ സ്കൂൾ അധികൃതർ തയാറല്ല. മകന്റെ മുടി കെട്ടി ഒതുക്കി വയ്ക്കാമെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടും രക്ഷയില്ല. നിരവധി മുന്നറിയിപ്പുകൾ ഇതിനോടകം തന്നെ ഫറൂഖിന് ലഭിച്ചു. ഇനിയും മുടിവെട്ടാതെയിരുന്നാൽ ഫറൂഖിനെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നാണ് മാതാപിതാക്കളുടെ ആശങ്ക. സോഷ്യൽ മീഡിയയിലൂടെയാണ് ഫറൂഖ് തന്റെ അവസ്ഥ തുറന്നു പറഞ്ഞത്. നിരവധി പേരാണ് ഫറൂഖിന് പിന്തുണ അറിയിച്ചെത്തുന്നത്. സോഷ്യൽ മീഡിയാ താരമായ ഫറൂഖ് മോഡലിംഗ് രംഗത്തും സജീവമാണ്.

Advertisement
Advertisement