തോരാമഴ: തകർന്നത് 29 വീടുകൾ ക്യാമ്പിൽ 82 പേർ

Saturday 25 May 2024 1:13 AM IST

കൊല്ലം: നാല് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ തകർന്നത് 29 വീടുകൾ. ഇന്നലെ നാല് താലൂക്കുകളിലായി അഞ്ച് വീടുകൾ തകർന്നു. കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം എന്നിവിടങ്ങളിൽ ഒരു വീട് വീതവും കുന്നത്തൂരിൽ രണ്ട് വീടുമാണ് തകർന്നത്.

കൊല്ലത്ത് പൂർണമായും മറ്റിടങ്ങളിൽ ഭാഗികവുമായാണ് വീടുകൾ നശിച്ചത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ 20ന് കൊട്ടാരക്കരയിലും കൊല്ലത്തുമായി എട്ട് വീടുകൾ ഭാഗികമായി തകർന്നിരുന്നു.

21ന് കൊല്ലത്തും പത്തനാപുരത്തുമായി നാല് വീടുകളും 22ന് കരുനാഗപ്പള്ളി, പത്തനാപുരം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ അഞ്ച് വീടുകളും തകർന്നു. 23ന് ഓയൂർ, കുന്നത്തൂർ, കൊല്ലം, കരുനാഗപ്പള്ളി, കിഴക്കേകല്ലട എന്നിവിടങ്ങളിലായി അഞ്ച് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നിരുന്നു.

ഇന്നലെ രാവിലെ മഴക്കാറുണ്ടായിരുന്നെങ്കിലും വൈകുന്നേരത്തോടെയാണ് ജില്ലയിൽ കാര്യമായ മഴ പെയ്തത്. ഇടയ്ക്ക് വെയിലോട് കൂടിയ കാലാവസ്ഥയായിരുന്നു. രാവിലെ മുതൽ കടൽ പ്രക്ഷുബ്ധമായിരുന്നു. തങ്കശേരി കാവൽ ജംഗ്ഷൻ, പള്ളിത്തോട്ടം, ടൈറ്റാനിയം, കൊറ്റംകുളങ്ങര, മരുത്തടി, ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, ഡി.സി.സി ഓഫീസ്, കളക്ടറേറ്റിന് സമീപം, കൊല്ലം റെയിൽവേ സ്റ്റേഷൻ, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ചൂരാങ്കൽ പാലം, പെരുങ്കുളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ 22 കുടുംബങ്ങളെ വിമലഹൃദയ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. 25 പുരുഷന്മാരും 37 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പിലുള്ളത്.

ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലം നഗരത്തിലാണ്. 55 മില്ലി മീറ്റർ. ആര്യങ്കാവിൽ 40 മില്ലി മീറ്ററും പുനലൂരിൽ 28.5 മില്ലി മീറ്ററും മഴ ലഭിച്ചു.

വീട് തകർന്ന് ദമ്പതികൾക്കും

കൊച്ചുമക്കൾക്കും പരിക്ക്

വീടിന്റെ മേൽക്കൂര തകർന്നുവീണ് ദമ്പതികൾക്കും കൊച്ചുമക്കൾക്കും പരിക്കേറ്റു. കൈക്കുളങ്ങര ആൽത്തറമൂട് വടക്കേതൊടിയിൽ കുഞ്ഞുമോൻ (55), ഭാര്യ ഗ്രേസി (53), കൊച്ചുമക്കളായ ഡിയോൺ (ഒന്നാംക്ലാസ്), നോഹ (എൽ.കെ.ജി) എന്നിവർക്കാണ് പരിക്കേറ്രത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. കുഞ്ഞുമോനും ഗ്രേസിയും ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കൊച്ചുമക്കൾ തൊട്ടടുത്ത മുറിയിലുമായിരുന്നു. ഈസമയം ഓടുമേഞ്ഞ മേൽക്കൂര തകർന്ന് നിലംപതിക്കുകയായിരുന്നു. ഓട് വീണാണ് നാലുപേർക്കും പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

സഹായത്തിന് വിളിക്കാം

വൈദ്യുതി ലൈൻ അപകടം- 1056

ദുരന്ത നിവാരണ അതോറിറ്റി -1077

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912

സംസ്ഥാന കൺട്രോൾ റൂം - 1070

Advertisement
Advertisement