നിറമില്ലാത്തവരുടെ അകക്കണ്ണിൽ സപ്തസ്വരങ്ങളുമായി ലൈല

Saturday 25 May 2024 1:34 AM IST

തൃശൂർ: മഴവില്ലഴകും ഭൂമിയിലെ ചാരുതയാർന്ന നിറക്കൂട്ടും നിഷേധിക്കപ്പെട്ടവരുടെ മനസിലേക്ക് സപ്തസ്വരങ്ങൾ അനുഗ്രഹമായി ചൊരിയുകയാണ് പഞ്ചമി സംഗീത പഠനകേന്ദ്രവും സംഗീത അദ്ധ്യാപികയായ ലൈലയും. വടക്കാഞ്ചേരി ഓട്ടുപാറയിലെ പഞ്ചമിയെന്ന സംഗീത പഠന കേന്ദ്രം അതിനുള്ള വേദിയാകുന്നു.
കാഴ്ചയില്ലാത്ത ഇരുപതോളം പേർക്കാണ് ആഴ്ചയിൽ രണ്ടുദിവസം സംഗീത ക്ലാസ് നടത്തുന്നത്. സൗജന്യമാണ് ക്ലാസ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 16 മുതൽ 50 വരെ പ്രായമുള്ളവർ ലൈലയ്ക്ക് മുൻപിലിരുന്ന് സംഗീതലോകത്തെ അറിയുന്നു. കഴിഞ്ഞ മാസം മുതലാണ് ക്ലാസ് ആരംഭിച്ചത്. കാഴ്ചയില്ലാത്തവരെ കൂടാതെ മറ്റ് കുട്ടികളും പഠനത്തിനെത്തുന്നുണ്ട്.
14 വർഷം മുൻപ് ഒരു ഗാനമേളയ്ക്കിടെയാണ് മലപ്പുറം സ്വദേശിയായ ഷാജിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരാകുമ്പോൾ ഒരു വീട് പോലും ഉണ്ടായിരുന്നില്ല. കരകൗശല നിർമ്മാണ തൊഴിലാളിയായ ഷാജി സൗണ്ട് ഓപറേറ്റർ കൂടിയാണ്. മക്കളായ ഇഷാൻ എട്ടാം ക്ലാസിലാണ്. മറ്റൊരാൾ എട്ടുവയസുകാരനായ ഇൻഷാൻ സ്പീച്ച് തെറാപ്പിക്ക് വിധേയനാകുകയാണ്. ഫാ.ഡേവിസ് ചിറമ്മലിന്റെ ശ്രമഫലമായി കാഞ്ഞിരക്കോട് ലഭിച്ച അഞ്ചുസെന്റ് സ്ഥലത്ത് പൊലീസുകാരുടെ സംഘടനയാണ് വീട് നിർമ്മിച്ചു നൽകിയത്. അച്ചാർ വിൽപ്പനയും കാഴ്ചയില്ലാത്ത ഭർത്താവ് ഷാജി നിർമ്മിക്കുന്ന കരകൗശല നിർമ്മാണ വസ്തുക്കൾ വിറ്റു കിട്ടുന്ന വരുമാനവും കൊണ്ടാണ് കുടുംബം കഴിയുന്നത്.

മറ്റുള്ളവർക്കും കൈത്താങ്ങ്

തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു മേൽക്കൂരയെന്ന സ്വപ്‌നം ഒരുക്കാൻ ലൈലയുണ്ട്. കാഴ്ചപരിമിതിയുള്ള സുജാത, കുഞ്ചു, നാരായണൻ എന്നിവർക്ക് കൂടി തന്റെ വീടിരിക്കുന്ന കാഞ്ഞിരക്കാട് തന്നെ സ്ഥലം നൽകാനായി. വടക്കാഞ്ചേരി സ്വദേശി സിബിയുടെ സഹായത്തോടെയായിരുന്നു ഇത്. കുഞ്ചുവിന് കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ ഇടപെടലിനെ തുടർന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ് വീടു നിർമ്മിച്ചു നൽകുന്നത്. മറ്റുള്ളവർക്ക് കൂടി വീട് ഒരുക്കാനുള്ള പരിശ്രമം നടത്തിവരികയാണ് ലൈല.


എല്ലാ ദിവസവും ക്ലാസ് നടത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മകൻ ഇൻഷാനെ ദിവസവും ട്രെയിനിൽ നിപ്മറിലേക്ക് കൊണ്ടുപോകേണ്ടതിനാൽ നടക്കുന്നില്ല.

ലൈല

Advertisement
Advertisement