ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം ഫ്ലാറ്റിലെത്തിച്ചത് ഹണിട്രാപ്പിലൂടെ സ്ത്രീയുൾപ്പെടെ അറസ്റ്റിൽ

Saturday 25 May 2024 2:09 AM IST

കൊൽക്കത്ത: കൊൽക്കത്തയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി അൻവറുൾ അസിം അനാറിനെ ആഡംബര ഫ്ളാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയെന്ന് വിവരം. കഴിഞ്ഞ ദിവസം സി.സി ടിവി ദൃശ്യങ്ങളിൽ കണ്ട ശിലാസ്തി റഹ്മാൻ എന്ന സ്‌ത്രീയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴി പ്രകാരം ജിഹാദ് ഹവ്‌ലാദർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളും നാല് ബംഗ്ലാദേശ് പൗരന്മാരും ചേർന്ന് അൻവറുളിനെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. അതേസമയം,​ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

എം.പിയെ തന്ത്രത്തിൽ ഫ്ളാറ്റിലെത്തിച്ച് വാടകകൊലയാളികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജിഹാദ് ഹവ്‌ലാദറിന്റെ മൊഴി പ്രകാരം അൻവറുൾ അസിമിന്റെ യു.എസ്. പൗരനായ സുഹൃത്ത് അക്തറുസ്സമാൻ ഷഹീനാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇയാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി നൽകി.

എം.പിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളിൽ വലിച്ചെറിഞ്ഞതായാണ് കരുതുന്നത്. ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം എം.പി ഫ്ളാറ്റിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചത്. പിന്നീട് പുറത്തുവരുന്ന ഇവർക്കൊപ്പം എം.പിയില്ല. എന്നാൽ,​ഇവരുടെ പക്കൽ സ്യൂട്ട്‌കേസുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് സ്ത്രീയുൾപ്പെടെ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് നിഗമനത്തിലെത്തിയത്.

ഡൽഹിയിലേക്ക് പോകുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കേണ്ടെന്നും എം.പിയുടെ ഫോണിൽ നിന്നും മെസേജുകൾ പരിചിതർക്ക് ലഭിച്ചിരുന്നു. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാനായിരിക്കാമെന്നും കൊലപാതകത്തിന് ശേഷമാകും മെസേജുകൾ അയച്ചതെന്നുമാണ് വിലയിരുത്തൽ.
മേയ് 12നാണ് എം.പി. കൊൽക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാൽ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. എന്നാൽ പിന്നീട് എം.പിയെ കാണാതാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു.

തൊലി മാറ്റി, കഷണങ്ങളാക്കി


എം.പിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കശാപ്പുകാരനായ ജിഹാദിനെ ദിവസങ്ങൾക്കുമുമ്പ് മുംബയിൽ നിന്ന് എത്തിച്ചു. അൻവറുളിന്റെ മരണം ഉറപ്പിച്ച ശേഷം ഇയാൾ മൃതദേഹത്തിൽ നിന്ന് തൊലിയടർത്തി മാറ്റുകയും കഷണങ്ങളാക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ നിന്ന് തൊലി മാറ്റി. അസ്ഥികൾ കഷണങ്ങളാക്കി ബാഗിൽ പൊതിഞ്ഞ് പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. ചില ശരീരഭാഗങ്ങൾ ഫ്ളാറ്റിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചു.

Advertisement
Advertisement