സൗജന്യ കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെ ബിൽ

Sunday 26 May 2024 2:14 AM IST

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ പോട്ടോമാവ് ആദിവാസി കോളനിയിൽ നടപ്പിലാക്കിയ സൗജന്യ കുടിവെള്ള പദ്ധതിക്ക് സർക്കാർ വക വാട്ടർ ഷോക്ക്. ആദിവാസികൾക്ക് സൗജന്യ കുടിവെള്ളം എന്ന പ്രഖ്യാപനത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിക്കാണ് വാട്ട‍ർ അതേറിട്ടിയുടെ ബിൽ. 2022 - 2023 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരമാണ് മടത്തറ പോട്ടോമാവിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. 45 ലക്ഷം രൂപ അനുവദിച്ചതിൽ 25 ലക്ഷം രൂപ ടാങ്കിനും ബാക്കി തുക പ്ലംബിംഗ് ഉൾപ്പടെയുള്ള അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചിലവഴിച്ചു. ഇതിനായി പ്രദേശവാസികളെ ഉൾപ്പെടുത്തി നിരവധി കമ്മിറ്റികളും കൂടി. ഈ കമ്മിറ്റികളിലെല്ലാം സൗജന്യ കുടിവെള്ള പദ്ധതി എന്ന വാഗ്ദാനം നൽകിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പദ്ധതി നടപ്പിലായതോടെ സ്വഭാവം മാറി. പദ്ധതി തുടങ്ങിയതുമുതൽ മാസത്തിൽ രണ്ടോ മുന്നോ പ്രാവശ്യം പൈപ്പിലൂടെ വെള്ളം കിട്ടിയാലായി. സൗജന്യ പദ്ധതി ആണല്ലോ എന്ന കാരണത്താൽ നാട്ടുകാർ വിഷയം ഗൗനിച്ചില്ല. വേനൽക്കാലത്ത് അരുവികളും നീരുറവകളും കുടിവെള്ള സ്രോതസുകളുമായിരുന്നു ഇവരുടെ ആശ്രയം. അപ്പോഴാണ് സർക്കാർ വക ബിൽ കൈയിലെത്തുന്നത്. നിത്യജീവിതത്തിനു പോലും കഷ്ടപ്പെടുന്ന ആദിവാസികളായ എഴുപത്തി അഞ്ചോളം കുടുംബങ്ങൾക്കാണ് വാട്ടർ ബിൽ വന്നിരിക്കുന്നത്. ഓരോ കുടുംബത്തിനും ആയിരത്തി ഇരുന്നൂറ് മുതൽ മൂവായിരം രൂപ വരെ ബില്ല് വന്നിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന ഇവർക്ക് ബില്ലടയ്ക്കാൻ യാതൊരു നിവൃത്തിയുമില്ല. വിഷയത്തിൽ സർക്കാരിന്റെയും ത്രിതല പഞ്ചായത്തിന്റെയും ശക്തമായ ഇടപെടൽ വേണമെന്നാണ് ഈ നിർദ്ധന കുടുംബങ്ങളുടെ ആവശ്യം.

Advertisement
Advertisement