മലയാളം CAN

Sunday 26 May 2024 12:17 AM IST

ലോക സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ അഭിമാനത്തിളക്കത്തിലാണ് മലയാള സിനിമ.വിഖ്യാത ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ചനിയോ പുരസ്കാരം ഏറ്റവുവാങ്ങി വിഖ്യാത ഛായാഗ്രഹകനും സംവിധായകനുമായ മലയാളത്തിന്റെ സ്വന്തം സന്തോഷ് ശിവൻ.പിയർ ആഞ്ചനിയോ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ എന്നതാണ് ഏറ്റവും വലിയ സവിശേഷത .ലോക സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകി വരുന്ന ബഹുമതിയാണ് പിയർ ആഞ്ചനിയോ.12 ദേശീയ പുരസ്കാരങ്ങളും നാലു കേരള സംസ്ഥാന പുരസ്കാരങ്ങളും മൂന്നു തമിഴ് നാട് സംസ്ഥാന പുരസ്കാരങ്ങളും സന്തോഷ് ശിവൻ നേടിയിട്ടുണ്ട്.മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ജാക്ക് ആന്റ് ജിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

മൂന്ന് പതിറ്റാണ്ടിനുശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാം വിഭാഗത്തിൽ മത്സരിച്ച് ഇന്ത്യൻ സിനിമ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മിന്നി തിളങ്ങി .കാനിലെ റെഡ് കാർപ്പെറ്റിൽ ചിത്രത്തിലെ മലയാള താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ, ഹ്രിദ്ദു ഹാറൂൺ എന്നിവർ ആഹ്ളാദം തീർത്തു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം പായൽ കപാഡിയ ആണ് സംവിധാനം ചെയ്തത്. ചലച്ചിത്രമേളയുടെ ഈ എഡിഷനിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിലൊന്നായ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ ആദ്യ പ്രദർശനത്തിനുശേഷം എട്ട് മിനിറ്റ് നീണ്ട കരഘോഷം ലഭിച്ചത് ശ്രദ്ധേയമായി.അസീസ് നെടുമങ്ങാട് ആണ് ചിത്രത്തിലെ മറ്റൊരു താരം. യുവതാരമായ ഹ്രിദ്ദു ഹാറൂൺ തിരുവനന്തപുരംകാരനാണ്.

ക്രാഷ്‌ കോഴ്സ് വെബ്‌സീരിസിലും സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ഹിന്ദി ചിത്രത്തിലും തഗ്സ് എന്ന തമിഴ് ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി എത്തി ഹ്രിദ്ദു ഹാറൂൺ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നടൻ മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാ

രുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ സ്വം ആണ് ഇതിന് മുൻപ് ഇന്ത്യയിൽ നിന്ന് കാനിൽ മത്സരിക്കാൻ യോഗ്യത ലഭിച്ച ആദ്യ ചിത്രം. 30 വർഷത്തിനുശേഷം വീണ്ടും കാനിൽ ഒരു ഇന്ത്യൻ ചിത്രം.

Advertisement
Advertisement