"എനിക്ക് നാൽപ്പത്തിയൊന്നാം വയസിലാണ് കണ്ടെത്തിയത്"; രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ഫഹദ്

Monday 27 May 2024 10:52 AM IST

തന്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം (എഡി എച്ച് ഡി) ആണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം തന്റെ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

'എഡിഎച്ച്ഡി എന്നൊരു രോഗാവസ്ഥയുണ്ട്. ചെറുപ്പത്തിലെ കണ്ടുപിടിച്ചാൽ ഈസിയായി മറും. എനിക്ക് നാൽപ്പത്തിയൊന്നാം വയസിലാണ് കണ്ടെത്തിയത്. ചില രീതിയിലുള്ള ഡിസോർഡറുകൾ എനിക്കുണ്ട്. ഇന്ന് ഞാൻ ഇവിടെ കണ്ട കുറേ മുഖങ്ങളുണ്ട്. ഒരുപക്ഷേ ഒരിക്കലും മറക്കാൻ പറ്റാത്ത മുഖങ്ങൾ. ആ മുഖങ്ങളിലൂടെ എന്തോ വെളിച്ചം ഉള്ളിലേക്ക് കയറിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വെളിച്ചത്തിൽ ഇന്ന് പീസ് വാലിയിൽ എന്നെ എത്തിച്ച ജഗദീശ്വരനോട് നന്ദി പറയുന്നു.

ഇനി പീസ് വാലിയുടെ അങ്ങോട്ടുള്ള യാത്രയിൽ എന്നെക്കൊണ്ട് ആകുന്ന രീതിയിൽ എല്ലാ സഹകരണവും ചെയ്യാം. എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മതി. എന്താ ഞാൻ നിങ്ങളോട് പറയേണ്ടത്? എന്നെ കാണുമ്പോ നിങ്ങൾക്ക് ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് എനിക്ക് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. നിങ്ങളിലൊരാളാണ് എന്നാണ് ഞാൻ പൂർണമായി വിശ്വസിക്കുന്നത്. അതുകൊണ്ട് യാത്രയിൽ ഇനിയും നമുക്ക് പരസ്പരം കണ്ടുമുട്ടാമെന്ന് വിശ്വസിക്കുന്നു.'- ഫഹദ് പറഞ്ഞു.


നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോർഡർ ആണ് എ ഡി എച്ച് ഡി. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ലക്ഷണങ്ങൾ. ഇത് പഠനത്തെ പോലും ബാധിച്ചേക്കാം. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കുട്ടികൾ തെറ്റായ വഴിയിലെത്തിപ്പെട്ടേക്കാം.

മുതിർന്നവരിൽ മറവിയും സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, എന്തും ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുക തുടങ്ങി നിരവധി ലക്ഷണങ്ങൾ ഇതിനുണ്ട്. തലച്ചോറിലെ ഡോപമിന്റെ കുറവുകൊണ്ടൊക്കെ ഇങ്ങനെ സംഭവിക്കുന്നു.

അതേസമയം ഫഹദിന്റേതായി അവസാനം തീയേറ്ററിലെത്തിയ "ആവേശം" മെഗാഹിറ്റായിരുന്നു. ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഗുണ്ടാ നേതാവായ രംഗണ്ണൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കന്നടയും മലയാളവും കലർന്ന ഭാഷ സംസാരിക്കുന്ന രംഗണ്ണൻ കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലുമൊക്കെ തരംഗമായി മാറി. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസിമും ചേർന്നാണ് നിർമ്മാണം. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം സമീർ താഹിർ.

Advertisement
Advertisement