അയൽവാസിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കി

Tuesday 28 May 2024 12:50 AM IST

കൊല്ലം: അയൽവാസിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അഞ്ചാലുംമൂട് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. തൃക്കടവൂർ, കുരീപ്പുഴ കമലമ്മ ഭവനത്തിൽ കുട്ടൻ എന്നു വിളിക്കുന്ന വിജയകുമാറിനെയാണ് (50) മൂന്നാം അഡിഷണൽ സെഷൻസ് ജഡ്ജ് ഉഷാ നായർ വെറുതേ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

2021 ജൂൺ 3ന് രാത്രി 9.30 നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിനടുത്ത് താമസിച്ചിരുന്ന ഹൃദ്രോഗിയായ ഷറഫുദ്ദീനോട്(67) പ്രതിക്കുള്ള മുൻ വിരോധത്താൽ കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.


കൃത്യം നേരിൽ കണ്ടതായി ഷറഫുദ്ദീന്റെ ഭാര്യയും മരുമകളുടെ സഹോദരിയും കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും 9 തൊണ്ടിമുതലുകളും ഹാജരാക്കി.
മരിച്ച ഷറഫുദ്ദീന്റെ മകൻ അനീഷും കൂട്ടരും ഒരു വർഷം മുൻപ് പ്രതിയെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ആ കേസ് പിൻവലിക്കാൻ പ്രതി തയ്യാറാകാത്തതുകൊണ്ട് സ്വാഭാവികമരണം കൊലപാതകമെന്ന് വരുത്തിത്തീർത്തതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതിക്കു വേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ആർ.എസ്.പ്രശാന്ത്, സിമ ശശിധരൻ എന്നിവർ ഹാജരായി.

Advertisement
Advertisement