കൊച്ചിൻ ഷിപ്പ്‌യാർഡിന് പുതിയ ഹൈബ്രിഡ് വെസൽ നിർമ്മിക്കാൻ കരാർ

Tuesday 28 May 2024 12:45 AM IST

കൊച്ചി: പ്രമുഖ പൊതുമേഖല കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന് യു.കെയിലെ ഓഫ്‌ഷോർ റിന്യൂവബിൾ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിംഗിൽ നിന്ന് ആറ് കോടി യൂറോയുടെ പുതിയ നിർമ്മാണ കരാർ ലഭിച്ചു. സീമെൻസ് ഗമേസയ്ക്ക് വേണ്ടി സർവീസ് ഓപ്പറേഷൻ വെസലുകളാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കുന്നത്. ഇതിന് പുറമേ രണ്ട് വെസലുകൾ നിർമ്മിക്കുന്നതിനുള്ള കരാറും ലഭിച്ചേക്കും. നോർത്ത് സ്റ്റാർ ഈ വർഷം ആദ്യം കൊച്ചിൻ ഷിപ്പ്‌യാർഡുമായി മറ്റൊരു ഹൈബ്രിഡ് വെസൽ നിർമ്മിക്കാനും കരാർ ഉണ്ടാക്കിയിരുന്നു

സുസ്ഥിരവും ഹരിതവുമായ ഊർജ മേഖലകൾ അടിസ്ഥാനമാക്കുന്ന ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലുകളുടെ ഉപയോഗത്തിലുണ്ടാകുന്ന വളർച്ച പരമാവധി ഉപയോഗപ്പെടുത്താനാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ശ്രമം.
85 മീറ്റർ ഹൈബ്രിഡ് വെസലുകൾ നോർവേയിലെ VARD ASന്റെ രൂപകൽപ്പനയാണ്. കടലിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദനം നടത്തുന്നതിനുള്ള അനുബന്ധ സേവനങ്ങളും, പരിപാലനവും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്യുന്ന വെസലുകളാണിത്.
നോർത്ത് സ്റ്റാർ കമ്പനിയുടെ മുൻഗണനാ പങ്കാളിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു നായർ പറഞ്ഞു.

Advertisement
Advertisement