ബാർ: പൊന്മുട്ടയിടുന്ന താറാവ്

Tuesday 28 May 2024 1:48 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കാനുള്ള 'കൊണ്ടുപിടിച്ച' ശ്രമം ഒരു വശത്ത് ബാറുകളുടെ എണ്ണം കൂട്ടാനുള്ള .നടപടി മറു വശത്ത്. നിലവിൽ 801 ബാറുകൾ. പല ജില്ലകളിലായി 14 പുതിയ അപേക്ഷകൾ പരിശോധനയുടെ ഘട്ടത്തിൽ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നൽകിയത് 97 ബാർ ലൈസൻസുകൾ. 2016-ൽ 29 പഞ്ചനക്ഷത്ര ഹോട്ടലുകളൊഴിച്ച് ബാക്കിയെല്ലാം പൂട്ടിയിട്ടാണ് യു.ഡി.എഫ് പോയത്. പിന്നീട് വന്ന ഇടതു സർക്കാരിന്റെ തീരുമാനപ്രകാരം പൂട്ടിയ ബാറുകളിൽ ഫോർ സ്റ്റാർ ബാറുകൾ കൂടി തുറക്കാൻ അനുമതി നൽകി. പുതിയ 200 ലൈസൻസുകളും അനുവദിച്ചു.2021-ൽ ഇടതു സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ ബാറുകളുടെ എണ്ണം 671. ക്ളാസിഫിക്കേഷൻ ഉയർത്തി ലൈസൻസ് നേടിയവും പുതിയവും ഉൾപ്പെടെയാണ് ഇപ്പോൾ 801.

ലാഭക്കൊയ്ത്ത്

ഇത്രയും വലിയ നഷ്ടക്കച്ചവടമില്ലെന്നാണാ ബാർ ഉടമകളുടെ സ്ഥിരം വാദം. എന്നാൽ,സാധാരണ ബാറിൽ പോലും ശരാശരി ഒരുദിവസം ഒന്നര മുതൽ രണ്ട് ലക്ഷം രൂപയുടെ വില്പനയുണ്ട്. ബാറിന്റെ നിലവാരവും സ്ഥലത്തിന്റെ പ്രത്യേകതയും അനുസരിച്ച് ഇത് അഞ്ചോ ആറോ ലക്ഷം വരെ ഉയരാം. ലൈസൻസ് ഫീ വിഹിതം ഉൾപ്പെടെ എല്ലാ ചെലവുകളും കഴിഞ്ഞ് വില്പനയുടെ 15 മുതൽ 20 ശതമാനം വരെ ഉടമയുടെ പോക്കറ്റിലെത്തും.

സാധാരണക്കാരന്റെ പ്രിയപ്പെട്ട ജവാൻ റമ്മിന് ലിറ്ററിന് 640 രൂപയാണ് ബെവ്കോ ഷോപ്പിലെ വില. ബാറിൽ പെഗ് റേറ്റിലാണ് വില്പന.പെഗ്ഗിന് കുറഞ്ഞത് 65 രൂപ. 16.5 പെഗ്ഗാണ് ഒരു ലിറ്റർ. ഒരു ലിറ്റർ വിൽക്കുമ്പോൾ കിട്ടുന്നത് 1072.50 രൂപ. ഇതിൽ നിന്നുള്ള ലാഭം 432 രൂപ. ബാറുകളുടെ നിലവാരമനുസരിച്ച് പെഗ്ഗ് റേറ്റ് കൂടാം, ലാഭവും. സാധാരണ ബാറിൽ ജവാൻ റം ദിവസം 750 മുതൽ 850 പെഗ്ഗ് വരെ വിൽപ്പനയുണ്ട്. മദ്യത്തിന്റെ വില കൂടുന്നതിനനുസരണമായി പെഗ്ഗ് റേറ്റും ലാഭവും ഉയരും.

പിരിവ് ഭാരം

അതിശയിപ്പിക്കുന്ന ലാഭമാണ് ഉടമകൾക്ക് കിട്ടുന്നതെങ്കിലും പിരിവാണ് ഭാരം. തിരഞ്ഞെടുപ്പുകളിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് വൻതുക സംഭാവന നൽകണം. ഓരോ ബാറിൽ നിന്നും നിശ്ചയിക്കുന്ന തുക ഉടമകളുടെ സംഘടന സമാഹരിച്ച് വീതിച്ച് നൽകും..നേരത്തേ 25,000, 50,000 വരെയായിരുന്നത് ഇപ്പോൾ ലക്ഷങ്ങളായി. ഇതിന് പുറമെയാണ് ലോക്കൽ നേതാക്കൾക്ക് സംഭാവന.

Advertisement
Advertisement