കൊച്ചിയിൽ മേഘവിസ്‌ഫോടനം, കോട്ടയത്ത് മണ്ണിടിച്ചിൽ; എം ലീലാവതിയുടെ വീട്ടിലും വെള്ളം കയറി

Tuesday 28 May 2024 3:39 PM IST

കൊച്ചി: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുകയാണ്. എറണാകുളം കളമശ്ശേരിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാണെന്ന് കുസാറ്റ് അധികൃതർ അറിയിച്ചു. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ പ്രൊഫസർ എസ് അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്.

രാവിലെ ആരംഭിച്ച മഴയ്ക്ക് പിന്നാലെ തൃക്കാക്കര പെപ്പ് ലെെൻ റോഡിലുള്ള പ്രശസ്ത എഴുത്തുകാരി എം ലീലാവതിയുടെ വീട്ടിലും വെള്ളം കയറി. താഴെത്തെ നിലയിലാണ് വെള്ളം കയറിയത്. പുസ്തകകൾ നശിച്ചു. കനത്ത മഴയെ തുടർന്ന് ലീലാവതി മകന്റെ വീട്ടിലാണ് താമസിക്കുന്നത്.

കളമശ്ശേരിയിൽ ഏകദേശം 400ലധികം വീടുകളിൽ വെള്ളം കയറി. മീലേപ്പാടത്ത് മാത്രം 200 വീടുകളിൽ വെള്ളം കയറി. നിലവിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ കളമശ്ശേരിയിൽ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി പത്തടിപ്പാലം മൃൂസിയം നഗറിൽ നിർത്തിയിട്ടിരുന്ന കാർ വെള്ളകെട്ടിൽ ഒഴുകിപ്പോകാൻ തുടങ്ങിയതോടെ പ്രദേശവാസികൾ കയറ് കെട്ടി വലിച്ച് കയറ്റി.

കാക്കനാട്‌ ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ - ഇടപ്പള്ളി റോഡിലും സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. കാനകൾ വൃത്തിയാക്കാത്തതിനാൽ പലയിടത്തും വെള്ളം ഒഴുകിപ്പോകുന്നില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത മഴ രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ്. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചിലയിടങ്ങളിൽ കക്കൂസ് മാലിന്യം അടക്കം കലർന്ന വെള്ളമാണ് റോഡുകളിലെത്തിയത്. പകർച്ച വ്യാധി അടക്കമുള്ളവയ്ക്ക് ഇത് കാരണമാകും.

കോട്ടയത്ത് ശക്തമായ മഴയിൽ മീനച്ചിലാർ കരകവിയാറായി. മീനച്ചിലാറിന്റെ സമീപ പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കൂടാതെ കടുത്തുരുത്തി ആപ്പാഞ്ചിറ പെട്രോൾ പമ്പിന് സമീപം റോഡിൽ വെള്ളം കയറി. തലനാട്ടിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വീടുകൾക്ക് നാശ നഷ്ടം.ആളപായമില്ല.

തിരുവനന്തപുരത്തും പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചുറ്റുമതിൽ തകർന്നു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. തിരുവനന്തപുരം കോട്ടൻ ഹിൽസ് സ്കൂൾ വളപ്പിലെ കൂറ്റം മരം ബസ്സിനു മുകളിലേക്ക് മറിഞ്ഞുവീണു.

ആലപ്പുഴയിൽ ഇന്നലെ മഴയിൽ വിവിധ താലൂക്കുകളിലായി ഇരുന്നൂറിലധികം വീടുകളിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് വീടുകൾ ഭാഗികമായി തകർന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 90 സെ. മീ ഉയർത്തിയിട്ടുണ്ട്. 60 സെ. മീ കൂടി ഉയർത്തിയേക്കുമെന്ന് പ്രദേശവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇത്തവണ സംസ്ഥാനത്ത് കാലവർഷ സീസണിൽ (ജൂൺ - സെപ്തംബർ ) സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Advertisement
Advertisement