മഴ ചതിച്ചു; കുതിച്ചു പച്ചക്കറി വില

Wednesday 29 May 2024 12:02 AM IST
പച്ചക്കറി

കോഴിക്കോട്/ മുക്കം: വേനൽ മഴ ചതിച്ചതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. കേരളത്തിൽ പച്ചക്കറിയെത്തുന്ന തമിഴ്നാട്, ആന്ധ്ര, കർണാടക, കോയമ്പത്തൂർ, കമ്പം, മേട്ടുപ്പാളയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിൽ ഉത്പാദനം കുറഞ്ഞതും കൃശിനാശമുണ്ടായതുമാണ് മലയാളിക്ക് തിരിച്ചടിയായത് . കഴിഞ്ഞ ഒരു മാസത്തിനിടെ പല ഇനങ്ങൾക്കും കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്. 50 രൂപയിൽ കുറഞ്ഞ ഒരു പച്ചക്കറിയും വിപണിയിലില്ല. ബീൻസ്, തക്കാളി, മല്ലിയില, പച്ചമുളക് എന്നിവയാണ് വിലയിൽ ഏറെ മുന്നിൽ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പാളയം പച്ചക്കറി മാർക്കറ്റിൽ ബീൻസിന് 90 രൂപയും മല്ലിയിലയ്ക്ക് 170 രൂപയുമാണ് കൂടിയത്. ചില്ലറ വിപണിയിൽ 10 മുതൽ 20 രൂപ വരെ കൂട്ടിയാണ് വിൽപ്പന. ഉണ്ട പച്ചമുളകിന് രണ്ടാഴ്ചക്കകം 50 രൂപയോളം കൂടി 100ൽ എത്തി. കഴിഞ്ഞമാസം വരെ 29-30 രൂപയ്ക്ക് ലഭിച്ചിരുന്ന തക്കാളിയ്ക്ക് 50 രൂപയായി. ഒറ്റയടിക്ക് കൂടിയത് 20 രൂപയോളം. 60രൂപയായിരുന്ന പയറിന്റെ വില 110 ആയി. 35 രൂപ ആയിരുന്ന മുരിങ്ങയുടെ വില 54 രൂപ ആയി. അതേസമയം സവാള, പയർ എന്നിവയുടെ വിലയിൽ നേരിയ ആശ്വാസമുണ്ട്.

വിലയിൽ പിന്നിലല്ല

ഇറച്ചിയും മീനും

മുക്കം: കോഴിയിറച്ചി വിലയും കുതിക്കുകയാണ്. 180 രൂപയായിരുന്ന കോഴിയിറച്ചി വില 260- 280ൽ എത്തി. 280-300 രൂപ ഉണ്ടായിരുന്ന ബീഫ് വിലയും ഉയർന്നു. മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. അയലക്ക് 260, കേദർ 300 എന്നിങ്ങനെയാണ് വില. മറ്റു മത്സ്യങ്ങൾക്കും വലിയ വില നൽകണം.

' കേരളത്തിൽ പച്ചക്കറിയെത്തുന്ന തമിഴ്നാട്, ആന്ധ്ര, കർണാടക, കോയമ്പത്തൂർ, കമ്പം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ കനത്ത മഴയാണ് ഉണ്ടായത്. പലയിടത്തും വൻതോതിൽ കൃശിനാശമുണ്ടായി. മഴ തുടരുകയും പച്ചക്കറി വരവ് കുറയുകയുമാണെങ്കിൽ വില ഇനിയും ഉയരും. പാളയം മാർക്കറ്റിലെ വ്യാപാരികൾ

@ പച്ചക്കറി വില- ബ്രാക്കറ്റിൽ ഒരുമാസം മുൻപുള്ളത്

തക്കാളി- 50 ( 29-33)

ബീൻസ്- 170-190 ( 80-85)

മല്ലിയില- 250-260 (80)

ഉണ്ട പച്ചമുളക്- 100-110 ( 70-85)

ഇഞ്ചി- 140-150 ( 90-100)

വെളുത്തുള്ളി- 190-250 ( 160)

വെണ്ട- 45 (30-38)

ഉരുളക്കിഴങ്ങ്- 50 (40)

വെ​​ള്ള​​രി 50 (30-40)

കയ്പ-52-60 ( 40)

Advertisement
Advertisement