രണ്ടാനച്ഛന്റെ പീഡനത്തിനിരയായ കുട്ടിയെ പിതാവ് ഏറ്റെടുത്തു

Wednesday 29 May 2024 7:53 AM IST

തിരുവനന്തപുരം: ആറ്റുകാലിൽ രണ്ടാനച്ഛന്റെ പീഡനത്തിനിരയായ ഏഴുവയസുകാരനെ പിതാവ് ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് ക്ഷേത്ര ജീവനക്കാരനായ പിതാവ് പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പേയാട് പുളിയറക്കോണം പ്രശാന്ത് ഭവനത്തിൽ പ്രശാന്താണ് കുട്ടിയെ ഏറ്റെടുത്തത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിയുകയായിരുന്ന കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിഫ ബീഗത്തിന്റെ നേതൃത്വത്തിൽ പിതാവിന് കൈമാറി.

ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ്റുകാൽ സ്വദേശിയായ രണ്ടാനച്ഛൻ അനുവിനെയും അമ്മ അഞ്ജനയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോർട്ട് സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ എൻ.അനിൽകുമാറിന് ഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 19നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയടക്കമുള്ള കുറ്റങ്ങളിൽ ഇവർ ഇപ്പോൾ ജയിലിലാണ്.

അടിവയറ്റിൽ ചട്ടുകംവച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെൽറ്റുകൊണ്ടും ചങ്ങലകൊണ്ടും അടിച്ചും ഫാനിൽ കെട്ടിത്തൂക്കിയതും അടക്കം ക്രൂരമായ മർദ്ദനമാണ് കുട്ടി അനുഭവിച്ചതെന്ന് ഷാനിഫ ബീഗം പറഞ്ഞു. കുട്ടിക്ക് കൗൺസലിംഗ് നടന്നുവരികയാണ്. സംരക്ഷണം പിതാവിനെ ഏൽപ്പിച്ചെങ്കിലും സമിതിയുടെ മേൽനോട്ടമുണ്ടാകുമെന്നും അവർ പറഞ്ഞു.

Advertisement
Advertisement