പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കണം: ഇ.ടി.മുഹമ്മദ് ബഷീർ

Thursday 30 May 2024 12:02 AM IST
പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പട്ട് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഇ.ടി .മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസപരമായി മലബാറിൽ മുന്നേറ്റം ഉണ്ടാവുകയും കൂടുതൽ കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടുകയും ചെയ്യുന്ന സമയത്ത് ഹയർ സെക്കൻഡറി തലത്തിലും വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലും അധിക ബാച്ചുകൾ അനുവദിച്ച് ശാശ്വത പരിഹാരം കാണാൻ സർക്കാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വർഷമായി മാർജിനൽ ഇൻക്രീസ് എന്ന പേരിൽ നിലവിലെ ക്ലാസുകളിൽ കൂടുതൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ് സർക്കാർ ചെയ്യുന്നത്. ഹയർ സെക്കൻഡറി തലത്തിൽ 1: 40 അനുപാതത്തിലാണ് അദ്ധ്യാപക -വിദ്യാർത്ഥി അനുപാതം ഉണ്ടാവേണ്ടത്. എന്നാൽ കേരളത്തിൽ 1:50 അനുപാതമാണ്. പല തവണകളായി മാർജിനൽ ഇൻക്രീസ് നടത്തി 1:65 അനുപാതത്തിലേക്കും 1: 70 അനുപാതത്തിലേക്കും ഇത് വർദ്ധിപ്പിക്കുമ്പോൾ അദ്ധ്യാപനത്തിന്റെ കാര്യക്ഷമത കുറയുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സി.പി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എൽ.എ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഹമ്മദ് പുന്നക്കൽ, അഡ്വ. നൂർബിന റഷീദ്, ഇ.പി .ബാബു, ആഷിക്ക് ചെലവൂർ, അഫ്‌നാസ് ചോറോട് എന്നിവർ പ്രസംഗിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി,എ അസീസ് സ്വഗതവും സെക്രട്ടറി ഒ.പി നസീർ നന്ദിയും പറഞ്ഞു.

Advertisement
Advertisement