തിരുവിതാംകൂർ ദേവസ്വം സെക്രട്ടറിയെ നീക്കണം 

Thursday 30 May 2024 12:09 AM IST

ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിന് പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ച റൊട്ടേഷൻ പ്രകാരം പിന്നാക്ക സമുദായ സംവരണം ഏർപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് തള്ളിക്കളഞ്ഞ് സംവരണം നടപ്പാക്കാൻ ബാദ്ധ്യതയില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി തൽസ്ഥാനത്ത് തുടരാൻ അർഹനല്ല. സർക്കാർ നയവും ഉത്തരവും പരസ്യമായി ലംഘിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിറുത്താൻ സർക്കാർ തയ്യാറാവേണ്ടതുണ്ട്. ഭരണസംവിധാനത്തെ മൊത്തത്തിൽ വെല്ലുവിളിക്കുന്ന ഈ ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് വിരമിക്കാൻ മൂന്നുദിവസം മാത്രം ശേഷിക്കെയാണ് കോടതിയിൽ ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയത്.

ജിനേഷ് ജോഷി സമർപ്പിച്ച ഹർജിയിൽ എതിർ സത്യവാങ്മൂലം ഹാജരാക്കാൻ 2023 ജനുവരി 25-ന് ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതാണ്. ഇതു പാലിക്കാത്ത സാഹചര്യത്തിലാണ് ഹർജിക്കാരൻ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കണമെന്ന് അപേക്ഷിച്ചത്. മേയ് 27-നു രാവിലെ 11 മണിക്ക് കേസ് വാദത്തിനു വന്നപ്പോൾ സമർപ്പിക്കാതിരുന്ന സത്യവാങ്മൂലം രണ്ടാഴ്ചത്തെ സമയത്തിനുള്ളിൽ നൽകണമെന്ന് കോടതി നിർദ്ദേശിച്ചപ്പോൾ. രണ്ടുമണിക്കൂറിനനം സമർപ്പിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

സർക്കാർ ഉത്തരവ് അംഗീകരിക്കുന്നതിന് ദേവസ്വം ബോർഡ് യോഗത്തിന് നോട്ടെഴുതിയതും ഇതേ സെക്രട്ടറിയാണ്. 23-ന് അത് പാസാകുകയും ചെയ്തു. ഇതിനു വിരുദ്ധമായ സത്യവാങ്മൂലം സർക്കാരിനെയും ഹൈക്കോടതിയെയും കബളിപ്പിക്കാൻ വേണ്ടി മേയ് 16 തീയതി വച്ച് ഒപ്പിട്ട് മേയ് 27-ന് സമർപ്പിച്ചതാകുമെന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ല. ജൂൺ പത്ത് വരെ സമയമുള്ള കേസിൽ, താൻ വിരമിക്കുന്നതിന് നാലുദിവസം മുമ്പുതന്നെ തിരക്കിട്ട് ഇതു സമർപ്പിച്ചത് നിഷ്കളങ്കമാണെന്ന് അരിയാഹാരം കഴിക്കുന്നവർ ചിന്തിക്കുകയുമില്ല.

സംവരണ വിരുദ്ധ ശക്തികളുടെ ചട്ടുകമായി പ്രവർത്തിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ എന്ന് കരുതേണ്ടിയിരിക്കുന്നു. ഉചിതവും മാതൃകാപരവുമായ ശിക്ഷാനടപടി ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ടത് ജനാധിപത്യ ഭരണസംവിധാനത്തിലുള്ള വിശ്വാസവും ഉദ്യോഗസ്ഥരുടെ അച്ചടക്കവും ഉറപ്പിക്കുന്നതിന് അനിവാര്യമാണ്.

വി.ആർ. ജോഷി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ

Advertisement
Advertisement