ഇരിയണ്ണിയിൽ കാട്ടാനയ്ക്ക് പുറമെ പുലിയും സി.സി ടി.വിയിൽ പുലി നടന്നുപോകുന്ന ദൃശ്യം

Wednesday 29 May 2024 10:30 PM IST

കാസർകോട് : കേരള -കർണാടക വനാതിർത്തിപ്രദേശമായ ഇരിയണ്ണിയിൽ കാട്ടാനകളുടെ സ്വൈര്യവിഹാരത്തിൽ ജനം ഭീതിയുടെ നിഴലിൽ കഴിയുന്നതിനിടെ പുലിഭീഷണിയും. സോഷ്യൽമീഡിയയിൽ പുലി നടന്നുപോകുന്നതിന്റെ ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ പ്രദേശം ഭീതിയുടെ നിഴലിലാണ്. എന്നാൽ ഇത് പുലിയല്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

കഴിഞ്ഞ ദിവസം രാത്രി ഇരിയണ്ണി ടൗണിൽ നിന്ന് വനത്തിന് നടുവിലൂടെയുള്ള റോഡിലൂടെ പുലി നടന്നുപോകുന്നതിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. ഈയിടെ കുണിയേരിയിലെ ഒരു വീട്ടിൽ നിന്ന് വീട്ടുകാരുടെ കൺമുന്നിൽ വച്ച് വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. വീട്ടുകാർ ബഹളം വച്ചെങ്കിലും പുലി കാട്ടിലേക്ക് മറയുകയായിരുന്നു. മുളിയാർ വനത്തോട് ചേർന്ന് കിടക്കുന്ന കാറഡുക്ക, കൊട്ടംകുഴി, മുളിയാർ, കാനത്തൂർ എന്നിവിടങ്ങളിൽ പുലിയ കണ്ടതായും നാട്ടുകാരിൽ ചിലർ വെളിപ്പെടുത്തിയിരുന്നു.

വലുപ്പമുള്ള കാട്ടുപൂച്ചയെന്ന് വനംവകുപ്പ്

മുളിയാർ വനപ്രദേശങ്ങളിൽ അസാമാന്യ വലിപ്പമുള്ള കാട്ടുപൂച്ചകളുണ്ട്. പുലികളുടെ അത്ര ഇല്ലെങ്കിലും കാഴ്ചയിൽ ഇവ പുലിയെ പോലെ തോന്നിപ്പിക്കും. ഇവ വളർത്തുനായ്ക്കളെ പിടികൂടാറുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരിയണ്ണിയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.

സ്കൂളിലേക്കുള്ള വഴിയാണ്

കൂട്ടത്തോടെ ഇറങ്ങിവരുന്ന ആനകൾ ഇരിയണ്ണിയിലും സമീപ പ്രദേശങ്ങളിലും വ്യാപക കൃഷി നാശം വരുത്തി തലവേദനയായ സാഹചര്യത്തിലാണ് പുലി ഇറങ്ങിയെന്ന വാർത്ത നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.സ്‌കൂൾ തുറന്നുകഴിഞ്ഞാൽ കുട്ടികൾ നടന്നു പോകുന്ന പാതകളിലാണ് പുലിയെ കണ്ടതായി പറയുന്നത്. ഭീഷണി അകറ്റാതെ എങ്ങനെ കുട്ടികളെ സ്കൂളുകളിലേക്ക് വിടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

Advertisement
Advertisement