പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത് വീഴ്ച കെ.പി.സി.സി അന്വേഷണ കമ്മിഷൻ നിഗമനം

Thursday 30 May 2024 1:24 AM IST

കാസർകോട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന് കെ.പി.സി.സി നിയോഗിച്ച അന്വേഷണകമ്മിഷന്റെ നിഗമനം. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൺ എന്നിവരാണ് ഇന്നലെ രാവിലെ 11 മണിക്ക് കാസർകോട് ഡി.സി.സി ഓഫീസിലെത്തി തെളിവെടുപ്പ് തുടങ്ങിയത്.

സംഭവത്തിൽ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോദ്ധ്യമായത്. രാജ്‌മോഹൻ ഉണ്ണിത്താൻ,​ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവരോട് കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. അതേസമയം ഫേസ് ബുക്കിൽ ഉണ്ണിത്താനെതിരെ പോസ്റ്റിട്ട കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ തെളിവെടുപ്പിന് എത്തിയില്ല. പതിനഞ്ചോളം നേതാക്കളാണ് കമ്മിഷനു മുന്നിൽ ഇന്നലെ എത്തിയത്.

കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിൽ കല്യോട്ട് റോഡിലുള്ള ഓഡിറ്റോറിയത്തിലാണ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹം നടന്നത്. ഓഡിറ്റോറിയം വിവാഹത്തിന് വിട്ടുനൽകിയതിൽ തെറ്റു പറയാനാകില്ലെന്നും എന്നാൽ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിൽ സാധാരണ പ്രവർത്തകർക്കുണ്ടായിട്ടുള്ള അതേ വികാരം തന്നെയാണ് തങ്ങൾക്കുണ്ടായിട്ടുള്ളതെന്നും അന്വേഷണകമ്മിഷൻ അംഗങ്ങൾ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.


എത്രയും വേഗം നടപടി: കെ. സുധാകരൻ

അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് വീഴ്ച സംഭവിച്ചതായി കമ്മിഷൻ പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ വിശദമായ റിപ്പോർട്ട് പരിശോധിച്ചാവും നടപടി.

Advertisement
Advertisement