ഗുണ്ടാ ക്രിമിനൽ വിളയാട്ടം; വ്യാപാര സമൂഹം ആശങ്കയിൽ

Thursday 30 May 2024 12:24 AM IST

തൃശൂർ: ഗുണ്ടകളുടെ വിളയാട്ടം വ്യാപാര സ്ഥാപനങ്ങളിലേക്കും നീണ്ടതോടെ വ്യാപാരികൾക്ക് ആശങ്ക. പൊലീസ് സാന്നിദ്ധ്യമുണ്ടാകാറുള്ളതും ജനത്തിരക്കേറിയതുമായ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പിൽ കഴിഞ്ഞദിവസം യുവാക്കൾ അതിക്രമം കാണിച്ചിരുന്നു. ജില്ലയുടെ വിവിധയിടങ്ങളിൽ സമാന സംഭവങ്ങൾ നടക്കാറുണ്ട്. ഈസമയം പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

ഏറെ പ്രതിസന്ധിയിലൂടെ വ്യാപാര മേഖല കടന്നുപോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ജീവനക്കാരുടെയും ഉടമയുടെയും സുരക്ഷിതത്വത്തിനും മറ്റും ഭീഷണിയാണെന്നാണ് വ്യാപാരികളുടെ പക്ഷം. ന്യൂ മൊബൈൽ വേൾഡ് എന്ന സ്ഥാപനത്തിലായിരുന്നു ഒരു സംഘം യുവാക്കൾ അസഭ്യം പറഞ്ഞ് അതിക്രമം കാണിച്ചത്. ചാർജ് ചെയ്യാൻ വച്ച മൊബൈൽ എടുത്തുകൊടുക്കാൻ താമസിച്ചതിന് കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും കൗണ്ടർ തല്ലിപൊളിക്കുകയും ചെയ്തു. കടയിൽ ഏറെനേരം സംഘർഷം ഉണ്ടായിട്ടും എല്ലാം തീർത്ത് അക്രമികൾ പോയശേഷമാണ് പൊലീസ് എത്തിയത്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് ഇരുട്ടിൽ

മൊബൈൽ കടയിൽ അതിക്രമം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യം വരെ പുറത്തുവരുകയും സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. തൃശൂർ ഈസ്റ്റ് പൊലീസിനാണ് അന്വേഷണച്ചുമതല. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം.


നാടുകടത്തിയവരും വിലസുന്നു
കാപ്പ ചുമത്തി നാടുകടത്തപ്പെട്ടവർ വരെ നിയമം ലംഘിച്ച് ജില്ലയ്ക്കകത്ത് വിലസുന്നതായി വിവരം ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അടുത്തിടെ മുളങ്കുന്നത്തുകാവിൽ പിടികൂടിയ ഗുണ്ട കാപ്പ ചുമത്തപ്പെട്ട് നാടു കടത്തപ്പെട്ടയാളായിരുന്നു. കുറ്റൂരിൽ ഗുണ്ടാത്തലവൻ നൽകിയ പാർട്ടിയിൽ വരെ കാപ്പ ചുമത്തപ്പെട്ടവർ പങ്കെടുത്തിരുന്നത്രെ. കഴിഞ്ഞ അഞ്ച് മാസത്തിനകം 80 ഓളം പേർക്കെതിരെയാണ് കാപ്പ ചുമത്തിയത്.

ശക്തൻ സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണ്. സർക്കാർ വിഷയത്തിൽ ഇടപെടണം. ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് പ്രവർത്തിക്കണം.

- കെ.വി.അബ്ദുൾ ഹമീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്


സുരക്ഷിതമായി കച്ചവടം നടത്താനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. വ്യാപാര സമൂഹത്തിന് നേരെയുള്ള അതിക്രമം തടയുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം.

- രഘുനാഥ് വെള്ളാട്ട് (ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ്), പി.എസ്. ശ്രീജേഷ് (ജനറൽ സെക്രട്ടറി)

Advertisement
Advertisement