നവീൻ പട്‌നായിക്കിന്റെ ആരോഗ്യം: അന്വേഷണം വേണമെന്ന് മോദി

Thursday 30 May 2024 1:12 AM IST

ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീൻ പട്‌നായിക്കിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ട് തിരഞ്ഞെടുപ്പിൽ ആയുധമാക്കി ബി.ജെ.പി. നവീൻ പട്‌നായിക്കിന്റെ നില വഷളായതിന് പിന്നിൽ അധികാരം ആസ്വദിക്കുന്ന ഒരു ലോബിയുണ്ടെന്നും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നാൽ, പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാൽ താൻ ആരോഗ്യവാനാണെന്ന് നവീൻ പട്‌നായിക് വ്യക്തമാക്കി.

കൈകൾ വിറച്ചുകൊണ്ട് നവീൻ പട്‌നായിക്ക് പ്രസംഗിക്കുന്നതിന്റെയും സഹായി വി.കെ. പാണ്ഡ്യൻ അതു മറയ്‌ക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ പുറത്തു വന്നതോടെയാണ് ആശങ്കകൾ പ്രചരിച്ചത്. അഭ്യുദയകാംക്ഷികൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റാലിയിൽ മോദി പറഞ്ഞു.

മോദിയുടെ പരാമർശം തന്നെ വേദനിപ്പിച്ചെന്ന് പട്നായിക് പ്രതികരിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്രയധികം ആശങ്കയുണ്ടെങ്കിൽ, നല്ല സുഹൃത്ത് ആണെന്ന് പറയുന്ന ആൾക്ക് ഫോൺ ചെയ്‌ത് ചോദിക്കാമായിരുന്നു. തന്റെ ആരോഗ്യത്തെക്കുറിച്ച് 10 വർഷമായി ബി.ജെ.പി കിംവദന്തികൾ പ്രചരിപ്പിക്കുന്നു. അവരെ കണ്ടെത്താൻ ഒരു കമ്മിറ്റി ആവശ്യമാണ്. താൻ പൂർണ ആരോഗ്യവാനാണ്. പ്രചാരണത്തിൽ സജീവമാണ്-നവീൻ പട‌്‌നായിക് പറഞ്ഞു.

പട‌്നായിക്കിന്റെ ആരോഗ്യ സ്ഥിതി ദുരുപയോഗം ചെയ്‌ത് സഹായി വി കെ പാണ്ഡ്യനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. പട്നായിക്ക് ഒരു രേഖയിലും ഒപ്പിടാറില്ലെന്നും പാണ്ഡ്യൻ മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ഹിമന്ത പറഞ്ഞു.

Advertisement
Advertisement