സിനിമയിൽപ്പോലും ഇത്തരമൊന്ന് കാണാനാവില്ല, സ്വർണക്കടത്തുകാരിയെ കുടുക്കിയ കൊച്ചിയിലെ ടാക്സി ഡ്രൈവർക്ക് കൈയടി

Thursday 30 May 2024 3:36 PM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 20 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വർണവുമായെത്തിയ സ്ത്രീ വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി ഡ്രൈവറുടെ മിടുക്കിനെ തുടർന്ന് കസ്റ്റംസിന്റെ പിടിയിലായി.ചൊവ്വാഴ്ച്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കോട്ടയം സ്വദേശിനിയാണ് പിടിയിലായത്. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് പ്രീ പെയ്ഡ് ടാക്സിയിൽ എറണാകുളത്തെ ഹോട്ടലിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം പിന്തുടരുന്നതായി ഡ്രൈവർക്ക് സംശയം തോന്നി.

വിമാനത്താവളത്തിലെ ടെർമിനൽ മാനേജരെ രഹസ്യമായി വിളിച്ചറിയിച്ച ശേഷം തിരികെ വിമാനത്താവളത്തിലെ ടെർമിനൽ ടി 3യിൽ യാത്രക്കാരിയെ എത്തിച്ചു. പുറത്ത് കാത്തുനിന്ന കസ്റ്റംസ് അധികൃതർ യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ സോക്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന 261 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്ക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.

36 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

നെടുമ്പാശേരി: ടാക്സി ഡ്രൈവറുടെ ഇടപെടലിൽ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയതിന് പുറമെ മറ്റ് രണ്ട് കേസുകളിലായി 36 ലക്ഷം രൂപയുടെ അനധികൃത സ്വർണം കൂടി കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നും 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന 219 ഗ്രാം സ്വർണമാണ് പിടിച്ചത്.

സ്വർണമാലയും രണ്ട് സ്വർണനാണയവും ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നും 22 ലക്ഷം രൂപ വിലവരുന്ന 340 ഗ്രാം അനധികൃത സ്വർണമാണ് പിടികൂടിയത്. ബാഗേജിനകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു.

Advertisement
Advertisement