ആശങ്കയായി കിഴക്കൻവെള്ളം

Friday 31 May 2024 10:06 PM IST

ആലപ്പുഴ : ജില്ലയിൽ മഴ ഇന്നലെ ശാന്തമായിരുന്നെങ്കിലും മലയോരപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുറവില്ലാത്തത് കുട്ടനാട്,അപ്പർകുട്ടനാട് മേഖലയെ ആശങ്കപ്പെടുത്തുന്നു. കുട്ടനാട്ടിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വൃദ്ധൻ മരിച്ചനിലയിൽ കണ്ടെത്തി.

രാമങ്കരി കോമർത്തുശ്ശേരി വീട്ടിൽ പുരുഷൻ (88) ആണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ മഴക്കെടുതിയിൽ മരണസംഖ്യ നാലായി. ഇന്നലെ ഒരു വീട് ഭാഗികമായും തകർന്നു. നെല്ലും കരകൃഷിയും വ്യാപകമായി നശിച്ചു. കാർഷിക മേഖലയിൽ 35 ഹെക്ടറിലെ വിളകൾ നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.

വിവിധ താലൂക്കുകളിലായി 5000ൽ അധികം വീടുകൾ വെള്ളത്തിലായി. ഇതുവരെ 58 ദുരിതാശ്വാസ ക്യാമ്പുകളിലായി 2167 കുടുംബങ്ങളിലെ 6297 പേരെ മാറ്റി പാർപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അനുഭവപ്പെട്ട ശക്തമായ മഴയെത്തുടർന്ന് പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മിക്കപ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്.

ജില്ലയിൽ ക്യാമ്പുകൾ

ആകെ: 58

കുടുംബങ്ങൾ: 2167

ആകെ: 6297 പേർ

(താലൂക്ക് അടിസ്ഥാനത്തിൽ)

അമ്പലപ്പുഴ: 30

മാവേലിക്കര :11

കാർത്തികപ്പള്ളി: 7

ചേർത്തല :4

ചെങ്ങന്നൂർ: 3

കുട്ടനാട്: 3

തകർന്ന വീടുകൾ

ആകെ: 150

പൂർണ്ണം: 6

ഭാഗികം: 144

Advertisement
Advertisement