കോഴ മാത്രമല്ല, മാസപ്പടി രണ്ടു ലക്ഷം എത്തിക്കണം

Saturday 01 June 2024 2:07 AM IST

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ക്വാറി, മണ്ണ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വൻ തുകയുടെ കൈക്കൂലി ഇടപാടുകൾ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് നടന്നതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് ഓഫീസർ അജികുമാറിന്റെ നിർദ്ദേശാനുസരണം ഡ്രൈവർ മനോജാണ് പണപ്പിരിവ് നടത്തിയിരുന്നത്.

കേസിൽ ഉൾപ്പെട്ട ക്വാറി വാങ്ങാൻ സഹായിക്കുന്നതിന് പത്തു ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടതിന് പുറമേ, അതു പ്രവർത്തനം തുടങ്ങിയാൽ പ്രതിമാസം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ തഹസീൽദാർക്ക് എത്തിക്കണമെന്നും മനോജ് പറഞ്ഞു.

ക്വാറി വാങ്ങുന്ന ആളെ ജൂൺ മൂന്നിന് നേരിൽ കാണാൻ തയ്യാറാണെന്നും തഹസീൽദാർ അറിയിച്ചു. അണ്ടർ സെക്രട്ടറി ഇടപാടുകാരൻ എന്ന വ്യാജേന തഹസീൽദാറുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ രേഖകളും ഡ്രൈവർ മനോജുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും തെളിവുകളായി സമാഹരിച്ചശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത് .

നടപടി ശക്തമാക്കും

വകുപ്പിനെ അഴിമതി മുക്തമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച് നേരിട്ട് മന്ത്രിക്ക് തന്നെ പരാതി നൽകാം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുകയില്ല.

കെ. രാജൻ, റവന്യുവകുപ്പ് മന്ത്രി

Advertisement
Advertisement