ഹലോ ക്രിക്കറ്റ്, വെൽക്കം ടു അമേരിക്ക

Saturday 01 June 2024 5:29 AM IST

ന്യൂയോർക്ക്: വെസ്റ്റിൻഡീസിനൊപ്പം ചരിത്രത്തിലാദ്യമായി യു.എസ്.എയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന് നാളെ തുടക്കം. ഇരുപത് ടീമുകൾ പങ്കെടുക്കുന്ന ആദ്യട്വന്റി-20 ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിനുണ്ട്. 55മത്സരങ്ങളുൾപ്പെട്ട ലോകകപ്പിൽ 16 മത്സരങ്ങൾക്ക് യു.എസ്.എ വേദിയാകും. ഇന്ത്യൻ സമയം നാളെ രാവിലെ 6ന് തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന്റെ ഒമ്പതാം എഡിഷനിലെ ഉദ്ഘാടന മത്സരത്തിനും യു.എസ്.ആണ് വേദി.യു.എസും കാനഡയും തമ്മിൽ ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരം ടെക്സാസിലെ ഗ്രാൻഡ് പ്രയിർ സ്റ്റേഡിയത്തിലാണ്. യു.എസിൽ മൂന്ന് മൈതാനങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടക്കും.ടെക്സാസിലെ കൂടാതെ ന്യൂയോർക്കിലെ നസ്സോ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ഫ്ലോറിഡയിലെ സെന്റ്ർ ബ്രോവാർഡ് പാർക്ക്ആൻഡ ബ്രോവാർഡ് കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലും ലോകകപ്പ് മത്സരങ്ങൾ നടക്കും.

ടൂർണമെന്റിലെ തന്നെ ഗ്ലാമർ പോരാട്ടമായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിന്റ വേദിയായ നസ്സോ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ചുകൾ ഇതിനകം തന്നെ വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. മറ്റൊരു സ്ഥലത്ത് നിർമ്മിച്ച ശേഷം സ്റ്റേഡിയത്തിൽ കൊണ്ടു വന്ന ്സ്ഥാപിക്കുന്ന പിച്ചുകളാണ് ഡ്രോപ്പ് ഇൻ പിച്ചുകൾ.

ടൂർണമെന്റിലെ സെമി,​ ഫൈനൽ മത്സരങ്ങൾ കരീബിയൻ ദ്വീപുകളിലാണ് നടക്കുന്നത്. ജൂൺ 29ന് നടക്കുന്ന ഫഐനൽ പോരാട്ടത്തിന്റെ വേദി ബാർബഡോസിലെ കെൻസിംഗ്‌ടൺ ഓവലാണ്.

ജൂൺ 5നാണ് ഇന്ത്യയുടെ ആദ്യമത്സരം. അയർലൻഡാണ് എതിരാളികൾ. ഇന്ത്യയേയും അയർലൻഡിനേയും കൂടാതെ പാകിസ്ഥാൻ യു.എസ്.എ എന്നീടീമുകളാണ് ഗ്രൂപ്പ് എയിൽ ഉള്ളത്.

അമേരിക്കയും ക്രിക്കറ്റുംയു.എസ്.എ ട്വന്റി-20 ലോകകപ്പിന്റെ സഹ ആതിഥേയരായത് ക്രിക്കറ്റ് എന്ന സ്പോർട്സിന്റെ നാഴികക്കല്ലാണ് എന്നാണ് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ സി.ഇ.ഒ ജഫ് അല്ലാ‌ർഡിസ് പറഞ്ഞത്. മികച്ച ടീമുകൾ ഉൾപ്പെട്ട കുറച്ച് വമ്പൻ മത്സരങ്ങൾ കായകപ്രേമികൾ ഏറെയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് മാർക്കറ്റുകളിൽ ഒന്നായ യു.എസ്.എയിൽ നടത്താനാകുന്നത് ക്രിക്കറ്റിന് ഏറെ ഗുണചയ്യുമെന്നാണ് പ്രതീക്ഷയെന്നും ന്യൂയോർക്കിലെത്തിയ അല്ലാർഡിസ് പറഞ്ഞു.

1844ൽ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത് ന്യൂയോർക്കിലെ സെന്റ് ജോർജ് ക്രിക്കറ്റ് ക്ലബാണ്. യു.എസ്.എയും കാനഡയും തമ്മിലാണ് ആ മത്സരത്തിൽ ഏറ്റുമുട്ടിയത്. നിലവിൽ ക്രിക്കറ്റിന് അധികം വേരില്ലാത്ത യു.എസിൽ ഈലോകകപ്പിലൂടെ വലിയവ്യാപനം ഐ.സി.സി ലക്ഷ്യംവയ്ക്കുന്നുണ്ട്. ക്രിക്കറ്റിന്റെ വ്യാപനം യു.എസ്.എൽ നിശബ്ദമായി നടക്കുന്നുണ്ട്. കഴിഞ്ഞ ജൂലായിൽ നടന്ന മേജർ ലീഗ് ക്രിക്കറ്റ് അതിന് വലിയ സഹായകവുമായി. ട്വന്റി-20 ലോകകപ്പോടെ അമേരിക്കൻ സ്പോർട്സ് മാർക്കറ്റിൽ വലിയ സ്വാധീനം നേടിയെടുക്കാൻ ക്രിക്കറ്റിനാകുമെന്നാണ് കരുതുന്നത്. യു.എസിലെ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയിട്ടുള്ളതും ഗെയിമിന്റെ ഭാവിയ്ക്ക് വലിയ ശുഭപ്രതീക്ഷയാണ്.

Advertisement
Advertisement