ഭീതിയിൽ ആദിവാസിമേഖല നാശം വിതച്ച് കാട്ടാനക്കൂട്ടം

Sunday 02 June 2024 1:26 AM IST

വിതുര: മഴകനത്തതോടെ ആദിവാസി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ, കല്ലാർ, മണിതൂക്കി, മരുതാമല, പേപ്പാറ, മേമല വാർഡുകളുടെ പരിധിയിലാണ് കാട്ടാനകൾ നാശവും ഭീതിയും പരത്തി വിഹരിക്കുന്നത്. കൂട്ടമായെത്തുന്ന കാട്ടാനകൾ ഉപജീവനത്തിനായി നടത്തിയിരിക്കുന്ന കൃഷികളെല്ലാം നശിപ്പിക്കുകയാണ്. തെങ്ങ്, റബർ കൃഷികളും നശിപ്പിക്കുന്നുണ്ട്.

കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നീ മൃഗങ്ങളും ആദിവാസികൾക്ക് ഭീഷണിയാണ്. കഴിഞ്ഞദിവസം രാത്രിയിൽ മണലി മുത്തിക്കോവിൽ ഷാജിഭവനിൽ മുൻ വിതുര പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടൻകാണിയുടെ വീടിന്റെ മതിൽ കാട്ടാനക്കൂട്ടം തകർത്തു. പ്രദേശത്തെ കൃഷികളും നശിപ്പിച്ചു. കൂടാതെ കല്ലൻകുടി ഭാമയുടെ പുരയിടത്തിലെ തെങ്ങുകളും പിഴുതിട്ടു. ഒരാഴ്ചയായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് ആദിവാസികൾ അറിയിച്ചു. ഇതിനുപുറമേ നാട്ടിൻപുറങ്ങളിലും കാട്ടാനകളിറങ്ങി കൃഷിനാശം വിതയ്ക്കുന്നുണ്ട്. ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ആദിവാസികൾ നിരവധിതവണ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിട്ടും വനപാലകരുടെ പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്.

പൊൻമുടി നാലാംവളവിൽ ആനക്കൂട്ടം

വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി-കല്ലാർ റൂട്ടിൽ പൊൻമുടി നാലാംവളവിനു സമീപം കാട്ടനക്കൂട്ടമിറങ്ങി ഭീതിപരത്തി. കുട്ടിയാനയടക്കം മൂന്ന് ആനകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. നടുറോഡിലാണ് അന്തിയുറക്കം. പുലർച്ചെ ബസ്സെത്തി ഹോൺ മുഴക്കുമ്പോഴാണ് വനത്തിലേക്ക് കയറുന്നത്. പൊൻമുടി അടച്ചതോടെയാണ് ആനകളിവിടെ ചേക്കേറിയത്.

ആനകൾ പരിസരത്ത് നിൽക്കുന്ന ഒലട്ടിമരത്തിലെ ഇലകൾ തിന്ന് മടങ്ങി പോകുകയാണ് പതിവ്. ഇപ്പോൾ പകൽസമയത്തും റോഡരികിൽ ഇവയെ കാണാം. ആനകൾ തമ്പടിച്ചിട്ട് ഒരാഴ്ചയാകുന്നു.

കാട്ടാനശല്യം രൂക്ഷമായ മേഖലകൾ

പൊൻമുടി, ബോണക്കാട്, പേപ്പാറ, പൊടിയക്കാല, മണലി, നാരകത്തിൻകാല, കല്ലൻകുടി, ആറ്റുമൺപുറം, പെരുമ്പാറയടി, ചെമ്പിക്കുന്ന്, വേട്ടപ്പക്കോണം, നെട്ടയം, തച്ചരുകാല, താന്നിമൂട്, ഉണ്ടൻകല്ല്, കുണ്ടാളംകുഴി, ചാത്തൻകോട്, ചെമ്മാംകാല, മണിതൂക്കി, പട്ടൻകുളിച്ചപാറ, കുട്ടപ്പാറ, ആനപ്പാറ, അടിപറമ്പ്.,

Advertisement
Advertisement