ആൺകുട്ടികൾക്കിടയിൽ പന്തുതട്ടി വളർന്ന സൂന അഞ്ചാം ക്ളാസിലെ പാഠപുസ്തകത്തിൽ

Saturday 01 June 2024 10:40 PM IST

കണ്ണൂർ : കുഞ്ഞുപ്രായത്തിൽ പന്ത് തട്ടാൻ ചോദിച്ചപ്പോൾ പോയ് കഞ്ഞിയും കറിയും വച്ച് കളിക്ക് എന്ന് പറഞ്ഞ് കളിയാക്കിയവരുടെ കൺമുന്നിൽ നിന്ന് കേരള ഫുട്ബാൾ ടീമിന്റെ ക്യാപ്റ്റനും ഇന്ത്യൻ വൈസ് ക്യാപ്റ്റനുമൊക്കെയായി കൈയടി നേടിയ കെ.സൂനയുടെ കഥ പാഠപുസ്തകത്തിലും. അഞ്ചാം തരത്തിൽ പന്തുകളിക്കാനൊരുങ്ങി പെൺകുട്ടി എന്ന തലക്കെട്ടിലാണ് സൂനയുടെ കഥയുള്ളത്.

പന്നേൻപാറയിലെ പരേതരായ പി.പൊക്കന്റെയും യശോദയുടേയും മകൾ കെ .സൂനയാണ് വിദ്യാർത്ഥികൾക്ക് റോൾമോഡൽ ആകുന്നത്. കേരള ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനുമായിരുന്നു.ഒരു കാലത്ത് ആൺകുട്ടികളുടെ മാത്രം കുത്തകയായിരുന്ന ഫുട്ബോൾ ചുറ്റുമുള്ളവരുടെ കളിയാക്കലും എതിർപ്പും വകവെയ്ക്കാതെ പെൺകുട്ടികൾക്ക് കൂടി വഴങ്ങുമെന്ന് സൂന തെളിയിച്ചു.

എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവി കുമാ‌ർ എഴുതിയ ചൈനീസ് ബോയ് എന്ന നോവലിന്റെ സൂനയെ കുറിച്ചുള്ള ഒരു ഭാഗമാണ് പാഠപുസ്തകത്തിൽ ഉള്ളത്.സൂനയും രവി കുമാറും ബാല്യകാല സുഹൃത്തുക്കളാണ്. നാട്ടിൻ പുറത്ത് ആൺകുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ തന്നെയും കൂട്ടുമോയെന്ന് ചോദിക്കുന്ന ഒരു പെൺകുട്ടി കളിയാക്കപ്പെടുന്നതും പിന്നീട് കഥയിലെ നായകനായ കുട്ടിയെ അമ്മ തിരുത്തുന്നതുമാണ് പാഠത്തിന്റെ ഉള്ളടക്കം.

ആദ്യം കളിയാക്കി വിട്ടവർ പിന്നീട് സൂനയുടെ ഫുട്ബോളിലുള്ള ആവേശവും കഴിവും മനസ്സിലാക്കി ടീമിലേക്ക് എടുക്കാൻ മത്സരിക്കാറുണ്ടായിരുന്നുവെന്നും രവി കുമാർ പറഞ്ഞു.പിന്നീട് ഈ ബാല്യകാല ഓർമ്മകൾ കഥയായപ്പോൾ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരവും ലഭിച്ചു.കുട്ടികളിൽ ലിംഗ സമത്വത്തിന്റെ പാഠങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.

തളാരാതെ മുന്നോട്ട്

മുൻ ഫുട്ബോൾ താരം എം.ആർ.സി .കൃഷ്ണന്റെ കീഴിൽ പരിശീലിച്ച സൂന 2022ലാണ് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചത്.പിന്നീട് കണ്ണൂരിലെ ഗവ.പ്രസിൽ അസി.ഫോർമാനായി ജോലി നോക്കി.നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.1995 ൽ മലേഷ്യയിൽ നടന്ന ഏഷ്യാകപ്പിൽ പങ്കെടുത്തു.കെ.എ.എഫ്.എയുടെ വിമൻ പ്ലേയർ വിഭാഗത്തിൽ ടോപ്പ് സ്കോററും സൂനയാണ്.ദേശീയതലത്തിൽ ഒറ്റ ടൂർണമെന്റിൽ 21 ഗോളുകൾ വരെ നേടിയിട്ടുണ്ട്.

താൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സംഭവം. സ്കൂളിൽ ആൺ കുട്ടികൾ തമ്മിൽ ഫുട്ബോൾ മത്സരമുണ്ടാകുമ്പോൾ അവരുടെ ഇടയിൽ പോയി പന്ത് തട്ടാറുണ്ടായിരുന്നു. അദ്ധ്യാപകർക്ക് മുന്നിൽ അത് പരാതിയായി എത്താറുമുണ്ടായിരുന്നു-കെ.സൂന (മുൻ ഇന്ത്യ വനിതാ ഫുട്ബാൾ വൈസ് ക്യാപ്റ്റൻ)​

Advertisement
Advertisement