ലോക്സഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Saturday 01 June 2024 10:53 PM IST

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി. ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയിൽ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ടുകളും ഈ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിലമ്പൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായി ചുങ്കത്തറ മാർത്തോമ കോളേജും വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്‌കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ തപാൽ വോട്ടുകളും മുട്ടിൽ ഡബ്ലു.എം.ഒ ആട്സ് ആൻഡ് സയൻസ് കോളേജിലാണ് എണ്ണുന്നത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകൾ തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലുമാണ് എണ്ണുക.
രാവിടെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിംഗ് ഏജന്റുമാർക്ക് സ്ഥാനാർത്ഥിയുടെ പേരും നിർദിഷ്ട ടേബിൾ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിംഗ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.
25 ശതമാനം റിസർവ് അടക്കം ആകെ 989 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ജോലിക്കായി ജില്ലയിൽ നിയമിച്ചിട്ടുള്ളത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഓരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 ടേബിളുകളാണ് ഉണ്ടാവുക.
ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടി.

മലപ്പുറം മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായി മലപ്പുറം ഗവ. കോളജിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും മലപ്പുറം മണ്ഡലം വരണാധികാരിയുമായ ജില്ലാ കളക്ടർ വി.ആർ വിനോദ് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. തിരൂർ പോളിടെക്നിക്കിലെ വോട്ടെണ്ണൽ കേന്ദ്രം പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠനും വയനാട് മണ്ഡലത്തിലെ മലപ്പുറം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചുങ്കത്തറ മാർത്തോമ കോളേജും മാർത്തോമ എച്ച്.എസ്.എസും വയനാട് മണ്ഡലം വരണാധികാരിയും വയനാട് ജില്ലാ കളക്ടറുമായ ഡോ. രേണുരാജും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

Advertisement
Advertisement