നാഷണൽ ഇൻഷ്വറൻസ് തട്ടിപ്പ് സി.ബി.ഐക്ക്

Sunday 02 June 2024 2:19 AM IST

കൊച്ചി: നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ പാലാ ശാഖയിൽ സാമ്പത്തികത്തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കോട്ടയം ഡിവിഷണൽ മാനേജർ ആർ.എസ്. വിനോദ്കുമാർ, തമിഴ്‌നാട് മേട്ടുപ്പാളയം ബ്രാഞ്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നീതു മാത്യു എന്നിവർ ഇവിടെ ജോലി ചെയ്ത കാലത്തെ തട്ടിപ്പാണ് അന്വേഷിക്കുന്നത്.

കമ്പനി അഭിഭാഷകൻ ജോയ് കെ. മാത്യുവിന്റെ ഹർജിയിൽ ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവിട്ടത്.

നീതു 2019ൽ തന്റെ ഫീസിന്റെ ഇരട്ടിത്തുക പലതവണ അക്കൗണ്ടിലേക്ക് അയച്ചതായി ഹർജിയിൽ പറയുന്നു. ബ്രാഞ്ച് മാനേജരെ അറിയിച്ചപ്പോൾ കറൻസി നോട്ടുകളായി തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. പണമടച്ച രസീത് ചോദിച്ചപ്പോൾ രണ്ട് പേരും ഒഴിഞ്ഞു മാറി. ഇരുവരും ചേർന്നുള്ള തട്ടിപ്പാണെന്ന് ബോദ്ധ്യമായതോടെ നൽകിയ പരാതിയിൽ 2020ൽ ആഭ്യന്തര വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തി. നീതുവിനെ സസ്‌പെൻഡ് ചെയ്തു. പലരുടെയും ക്ലെയിം ഇരുവരും ചേർന്ന് കൈക്കലാക്കി. 15 ലക്ഷത്തിലേറെ രൂപയാണ് തട്ടിയത്. കമ്പനി ചിലർക്ക് പണം തിരിച്ചു നൽകിയിരുന്നു.

പൊതുഖജനാവിന് നഷ്ടം വരുത്തിയ ഇവർക്കെതിരെ കമ്പനി ഒരു ക്രിമിനൽ നടപടിയും സ്വീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ തട്ടിപ്പ് രേഖകളിൽ വ്യക്തമാണ്. ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞതുമാണ്. പൊതുജനത്തിന്റെ പണം കവർന്നത് ഒളിച്ച് വയ്ക്കാൻ അനുവദിക്കാനാവില്ല. സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗം കൊച്ചി യൂണിറ്റ് ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.

Advertisement
Advertisement