കാർബൺ ന്യൂട്രൽ കോഫി പാർക്ക്; സ്ഥലമെടുപ്പ് അന്തിമഘട്ടത്തിൽ

Sunday 02 June 2024 12:02 AM IST
കോഫി

കൽപ്പറ്റ: സംസ്ഥാനത്തെ കാപ്പി കർഷകരുടെ ഉന്നമനത്തിന് വ്യവസായ വകുപ്പിന് കീഴിൽ വയനാട്ടിൽ സ്ഥാപിക്കുന്ന കാർബൺ ന്യൂട്രൽ കോഫി പാർക്കിനുള്ള സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിൽ. കൽപ്പറ്റ പുഴമുടിയിലാണ് 20 ഏക്കർ വാങ്ങുന്നത്. കാർബൺ ന്യൂട്രൽ കോഫി പാർക്കിനായി വാര്യാട് എസ്‌റ്റേറ്റ് ഏറ്റെടുക്കാനായിരുന്നു ആദ്യ തീരുമാനം. നടപടികളുമായി മുന്നോട്ടുപോയെങ്കിലും നിയമ പ്രശ്നങ്ങൾ വന്നതോടെ പുതിയ സ്ഥലം കണ്ടെത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഭൂമി വില നിർണയിച്ച് സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചു കഴിഞ്ഞു. ഒമ്പത് കോടി രൂപയാണ് വില. അനുമതി ലഭിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കും. കൽപ്പറ്റ ഗവ. കോളേജ്–പുഴമുടി പാതയോട് ചേർന്നുള്ള സ്വകാര്യ കാപ്പിത്തോട്ടമാണ് വാങ്ങുന്നത്. അപേക്ഷ ക്ഷണിച്ചാണ് പുഴമുടയിലെ ഭൂമി കണ്ടെത്തിയത്. സ്ഥലത്തിന്റെയും രേഖകളുടെയും പരിശോധനകൾക്ക് രണ്ടുവർഷത്തോളമെടുത്തു. ഉദ്യോഗസ്ഥസംഘം പലതവണ സ്ഥലം സന്ദർശിച്ചു. ശാസ്ത്രീയമായ കാപ്പി കൃഷി, സംസ്‌കരണം, ഉത്പന്ന നിർമാണം, വിപണനം എന്നിവയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. കാപ്പി ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യും. മാതൃകാ തോട്ടങ്ങൾ നിർമിക്കാൻ കർഷകർക്ക് സഹായവും മാർഗനിർദ്ദേശങ്ങളും നൽകും. കോഫി പാർക്ക് സ്ഥാപിക്കുന്നതിന് 'കേരള കോഫി ലിമിറ്റഡ് ' എന്ന പൊതുമേഖല കമ്പനി രൂപീകരിച്ചിരുന്നു.

Advertisement
Advertisement