പൂനെ പോർഷെ അപകടം: 17കാരന്റെ അമ്മ അറസ്റ്റിൽ

Sunday 02 June 2024 12:37 AM IST

പൂനെ:17കാരൻ മദ്യലഹരിയിൽ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടേതിനുപകരം സ്വന്തം രക്തം പരിശോധനയ്ക്ക് നൽകിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടേതെന്ന നിലയിൽ പരിശോധിച്ച രക്തം ശിവാനി അഗർവാളിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. അപകടസമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാമ്പിളുകളും മാറ്റിയിരുന്നു. പ്രതിയുടെ പിതാവിന്റെ ആവശ്യ പ്രകാരമാണ് ഇത് ചെയ്‌തെന്നും ഡോക്ടർമാർ കൃത്രിമം കാട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. മാത്രമല്ല,​ കുറ്റകൃത്യം മറച്ചുവയ്ക്കാൻ കുടുംബം പലരീതിയിൽ സ്വാധീനം ചെലുത്തിയെന്നും വെളിപ്പെട്ടു.

മകനെതിരെ പ്രചരിക്കുന്ന ഒരു വീഡിയോ വ്യാജമാണെന്നും മകനെ രക്ഷിക്കണമെന്നും പൊലീസിനോട് അഭ്യർത്ഥിച്ചുകൊണ്ട് ശിവാനി മുമ്പ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.
അതിനിടെ,​ പ്രതിയെ ചോദ്യം ചെയ്യാൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി തേടി. പ്രായപൂർത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം 17കാരൻ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

നേരത്തേ അറസ്റ്റിലായ പിതാവ് വിശാൽ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും ജുഡിഷ്യൽ കസ്റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനാണ് പിതാവ് അറസ്റ്റിലായത്. അപകടം നടന്നതിന് പിന്നാലെ കുടുംബ ഡ്രൈവറെ കുറ്റം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് സുരേന്ദ്ര അഗർവാൾ അറസ്റ്റിലായത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചു എന്നതാണ് കേസ്.

മേയ് 19 ന് രാത്രിയിലുണ്ടായ അപകടത്തിൽ യുവ എൻജിനിയർമാരായ അനീഷ് അവാധിയയും അശ്വിനി കോസ്‌തയുമാണ് കൊല്ലപ്പെട്ടത്. അപകടം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രതിയെ ഉപന്യാസം എഴുതുന്നതുൾപ്പെടെയുള്ള ചെറിയ ഉപാധികളോടെ ജാമ്യം നൽകി വിട്ടയച്ചതിൽ

വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് പരിഷ്‌കരിക്കുകയും ജൂൺ അഞ്ച് വരെ ഒബ്സർവേഷൻ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തു.
ഈ വിഷയത്തിൽ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്‌ച സമർപ്പിക്കും.

Advertisement
Advertisement