അരുണാചലിൽ കുതിച്ച് ബി.ജെ.പി; തകർന്ന് കോൺഗ്രസ്

Monday 03 June 2024 1:58 AM IST

ഇറ്റാനഗർ:അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച സ്വന്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. 60 അംഗ നിയമസഭയിൽ 46ലും ജയിച്ചപ്പോൾ, തകർന്നടിഞ്ഞ കോൺഗ്രസ് ബാമെ‌ംഗ് മണ്ഡലത്തിൽ മാത്രമായി ഒതുങ്ങി.

ബി.ജെ.പി സഖ്യമില്ലാതെ ഒറ്റയ്‌ക്കാണ് മത്സരിച്ചത്. വോട്ടെണ്ണലിന് മുൻപുതന്നെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേയിൻ തുടങ്ങി പത്തുപേർ എതിരില്ലാതെ ജയിച്ചത് ബി.ജെ.പിക്ക് മേൽക്കൈ നേടി കൊടുത്തിരുന്നു.

കോൺഗ്രസിന് ദീർഘകാലം ആധിപത്യമുണ്ടായിരുന്ന അരുണാചൽ വീണ്ടെടുക്കാനാകാത്തത് ക്ഷീണമാണ്. കോൺഗ്രസിലായിരുന്ന പേമ ഖണ്ഡു 2016ൽ 43 എം.എൽ.എമാരുമായി ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു. തുടർന്ന് സംസ്ഥാനത്ത് ബി.ജെ.പിയുടെ തേരോട്ടമായിരുന്നു. അതോടെ കോൺഗ്രസിന്റെ വേരറ്റു. 2019ൽ 16.85% വോട്ട് വിഹിതത്തോടെ നാല് സീറ്റാണ് കോൺഗ്രസ് നേടിയത്. നിലനിൽപ്പിനായി പോരാടുന്ന കോൺഗ്രസ് ഇത്തവണ 19 സീറ്റിൽ മാത്രമാണ് മത്സരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ലോംബോ തായെംഗ് മാർച്ചിൽ ബി.ജെ.പിയിലേക്ക് ചാടിയതും തിരിച്ചടിയായി.

10 സീറ്റിൽ

എതിരില്ലാതെ

പത്തു സീറ്റിൽ എതിരില്ലാതെ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബൊമഡില, ചൗഖാം, ഹായുലിയാംഗ്, ഇറ്റാനഗർ, മുക്തോ, റോയിംഗ്, സഗാലി, താലി, തലിഹ, സിറോ ഹപോലി എന്നീ മണ്ഡലങ്ങളിലാണ് എതിരില്ലാതെ ജയിച്ചത്.

പത്ത് വർഷത്തിനിടെ പേമ ഖണ്ഡു സർക്കാർ കാഴ്ചവച്ച വികസനവും ഇത്തവണ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് തവണ സംസ്ഥാനം സന്ദർശിച്ചതും വിജയത്തിന് ആക്കം കൂട്ടി.

പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും. പദവിയിൽ മൂന്നാംവട്ടമാവും. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡോർജി ഖണ്ഡുവിന്റെ മകനാണ് പേമ. 2011ൽ ഡോർജിയുടെ മരണത്തെ തുടർന്ന് മുക്തോ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ ജയിച്ചാണ് രാഷ്ട്രീയ പ്രവേശം. 2014ലും ഇതേ സീറ്റിൽ എതിരില്ലാതെ ജയിച്ചിരുന്നു. അരുണാചൽ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായും തവാംഗ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചു.

Advertisement
Advertisement