കെ. സോട്ടോ ഉറങ്ങി; അവയവദാനം അനധികൃതമായി

Tuesday 04 June 2024 1:34 AM IST

തിരുവനന്തപുരം : അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ.സോട്ടോ) നോക്കുകുത്തിയായതോടെ സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ നടന്ന അവയവമാറ്റ ശസ്ത്രക്രിയയിൽ 95ശതനാവും ജീവിച്ചിരിക്കുന്നവർ തമ്മിലുള്ളതായി. ഇതിൽ ഭൂരിഭാഗവും ബന്ധുവല്ലാത്തവർ തമ്മിലുള്ളതാണ്! ചില സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന ഞെട്ടിക്കുന്ന കച്ചവടമാണിതെന്ന വിവരം പുറത്തുവന്നിട്ടും കെ.സോട്ടോ അനങ്ങിയില്ല.

അഞ്ചു വർഷത്തിനുള്ളിൽ 5418 അവയവമാറ്റ ശസ്ത്രക്രിയകളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ 5132എണ്ണവും ജീവിച്ചിരിക്കുന്നവർ തമ്മിലാണ്. മരണാനന്തരം 286 അവയവദാന ശസ്ത്രക്രിയകൾ മാത്രമാണ് നടന്നത്. ഇതിന്റെയൊന്നും കൃത്യമായ കണക്ക് കെ.സോട്ടോയിലില്ല.

ചട്ടവിരുദ്ധമായി നടന്ന അവയവമാറ്റം കണ്ടെത്താനോ തടയാനോ കെ.സോട്ട മിനക്കെട്ടില്ല. ജീവിച്ചിരിക്കുന്നവർ തമ്മിലും മരണാന്തരവും നടക്കുന്ന അവയവദാനങ്ങളുടെ വിവരശേഖരവും സ്ഥിതിയും അന്വേഷിച്ച് പാളിച്ചകളുണ്ടോയെന്ന് കണ്ടെത്താനും സർക്കാരിന് റിപ്പോർട്ട് നൽകാനും കെ.സോട്ടോയ്ക്കാണ് ചുമതല. 2020ൽ കെ.സോട്ടോ നോഡൽ ഓഫീസർക്ക് ഇതിനുള്ള അധികാരം നൽകി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയിരുന്നു. അവയവദാനം കുറ്റമറ്റതായി മുന്നോട്ടുകൊണ്ടുപോകാനായിരുന്നു ഇത്. അവയവം നൽകിയവരുടെ സ്ഥിതി, അവയവം മാറ്റിവച്ചവരിൽ എത്ര പേർ ജീവിച്ചിരിക്കുന്നു തുടങ്ങിയ വിവരങ്ങളും കെ.സോട്ടോയുടെ പക്കലില്ല.

ബന്ധുക്കൾ?​

അച്ഛൻ,അമ്മ,മകൻ,മകൾ,ഭർത്താവ്,ഭാര്യ,അപ്പൂപ്പൻ,അമ്മൂമ്മ എന്നിവർക്കിടയിലുള്ളതാണ് ബന്ധുക്കൾ തമ്മിലുള്ള അവയവദാനമായി കണക്കാക്കുന്നത്. മറ്റുള്ളതെല്ലാം ബന്ധുവേതര അവയവദാനമാണ്. ഇതിൽ പണമിടപാട് സാദ്ധ്യത കൂടതലാണ്.

സർക്കാർ ഇടപെട്ടപ്പോൾ കണക്കെടുപ്പ് !

അവയവക്കച്ചവടം പുറത്തുവന്നു വിവാദമായിട്ടും അനങ്ങാതിരുന്ന കെ.സോട്ടോ സർക്കാർ കർശന നിർദ്ദേശം നൽകിയതോടെ അഞ്ചുവർഷത്തെ പോസ്റ്റ് ട്രാൻസ്‌പ്ലാന്റ് ഓഡിറ്റ് നടത്താൻ രംഗത്തിറങ്ങി. സംസ്ഥാനത്തെ മൂന്ന് ട്രാൻസ്‌പ്ലാന്റ് സെന്ററുകളിൽ പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയെന്നും വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്നും കെ.സോട്ടോ നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസ് അറിയിച്ചു. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുകയാണ് കെ സോട്ടോയുടെ പ്രധാന ലക്ഷ്യമെങ്കിലും ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവദാനത്തിന്റെ മേൽനോട്ടവും കെ.സോട്ടോയ്ക്കാണ്.

Advertisement
Advertisement