ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

Tuesday 04 June 2024 12:33 AM IST

മുംബയ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. രാം ഗണേഷ് (42) ആണ് മരിച്ചത്. താനെയിൽ മിരാ റോഡിനടുത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. മാച്ചിനിടെ ബൗളർ പന്തെറിഞ്ഞ് അടിച്ചതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ പിങ്ക് ജഴ്‌സി ധരിച്ച യുവാവ് ബോൾ സിക്‌സ് അടിക്കുന്നതും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ക്രീസിൽ കുഴഞ്ഞ് വീഴുന്നതും കാണാം. യുവാവ് വീഴുന്നത് കണ്ട് മൈതാനത്തുണ്ടായിരുന്ന സഹതാരങ്ങൾ ഓടിയെത്തി ഇയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

യഥാർത്ഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ അറിയാനാകൂ എന്ന് താനെ പൊലീസ് വ്യക്തമാക്കി. ഹൃദായാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിൽ അടുത്തിടെ സൂര്യാഘാതമേറ്റ് നിരവധി അപകടങ്ങളുണ്ടായിരുന്നു. അതിനാൽ മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement