ത്രികോണപ്പോരിൽ നെഞ്ചിടിച്ച് ആറ്റിങ്ങൽ

Wednesday 05 June 2024 1:35 AM IST

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ അവസാനമിനിട്ടുകളിലും നെഞ്ചിടിപ്പ് കൂട്ടി ആറ്റിങ്ങലിൽ മൂന്ന് മുന്നണികളും കാഴ്ചവച്ചത് ശക്തമായ ത്രികോണപ്പോരാട്ടം. യന്ത്രത്തകരാറും പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിംഗും ഉൾപ്പെടെ ആശങ്ക രാത്രി വൈകുവോളം നീണ്ടു.

വിട്ടുകൊടുക്കാതെ ഇഞ്ചോടിഞ്ചായിരുന്നു അടൂർ പ്രകാശും വി.ജോയിയും ഏറ്റുമുട്ടിയത്. പരമാവധി വോട്ടുകൾ സമാഹരിച്ച് വി.മുരളീധരൻ നിർണായക ശക്തിയായതോടെ ആദ്യാവസാനം ലീഡ്നില മാറി മറിഞ്ഞു. ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ബി.ജെ.പിക്ക് ഒരുറൗണ്ടിലും ലീഡുണ്ടായില്ല.

കഴിഞ്ഞ തവണ 38,247 വോട്ടുകൾക്ക് വിജയിച്ച സിറ്റിംഗ് എം.പി അടൂർ പ്രകാശിന് 788 വോട്ടിന് മണ്ഡലം നിലനിറുത്താൻ കടുത്ത പരിശ്രമം വേണ്ടിവന്നു. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ വി.ജോയിയായിരുന്നു മുന്നിൽ. പോസ്റ്റൽ വോട്ടുകളിൽ 232 വോട്ടിന്റെ ഭൂരിപക്ഷം അടൂർ പ്രകാശ് നേടി. 8.41ഓടെ അടൂർപ്രകാശിന്റെ ലീഡ് 528ആയി. പിന്നാലെ 632 വോട്ടുമായി ജോയി മുന്നിലെത്തി. ആറ്റിങ്ങൽ,വാമനപുരം,കാട്ടാക്കട തുടങ്ങിയ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിൽ വി.മുരളീധരൻ കരുത്തുകാട്ടിയതോടെ മത്സരം ആവേശത്തിലായി.

9.45ഓടെ 1003 വോട്ടുകളുമായി ജോയി അടുത്ത ചുവടുവച്ചെങ്കിലും 626 വോട്ടുമായി അടൂർപ്രകാശ് തിരിച്ചെത്തി. വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂറിലാണ് ലീഡ് 2000 കടന്നത്. 10.45ഓടെ അടൂർപ്രകാശിന്റെ ലീഡ് 3003 ആയപ്പോൾ കോൺഗ്രസുകാർ ആശ്വസിച്ചു. വാമനപുരം അടക്കമുള്ള സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 450 വോട്ടായി. ഉടൻ 346 വോട്ടിന് ജോയി മുന്നിലെത്തി. മുക്കാൽ മണിക്കൂറെടുത്ത് അടൂർപ്രകാശ് ഉയർത്തിയ ഭൂരിപക്ഷം അഞ്ച് മിനിട്ടിൽ ജോയ് തകർത്തു. തുടർന്ന് രണ്ടുവരെ ഭൂരിപക്ഷം 1000ന് താഴെ നിറുത്തി യു.ഡി.എഫും എൽ.ഡി.എഫും പോരാടി. വർക്കല മണ്ഡലത്തിലെ വോട്ടുകൾ വി.മുരളീധരനെ തുണച്ചതോടെ വിജയം ഫോട്ടോ ഫിനിഷിലേക്കെന്ന് ഉറപ്പിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള നെടുമങ്ങാട്,അരുവിക്കര മണ്ഡലങ്ങളിൽ പോളിംഗ് ഉയർന്നത് അടൂർ പ്രകാശിനെ തുണച്ചെന്നാണ് നേതാക്കളുടെ നിഗമനം. 2019ലെ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലും 70 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. ഇത്തവണ അരുവിക്കരയും നെടുമങ്ങാടും മാത്രമാണ് 70 ശതമാനത്തിലെത്തിയത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 5,046 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ സ്റ്റീഫൻ അരുവിക്കരയിൽ അട്ടിമറി വിജയം നേടിയത്. നെടുമങ്ങാട് മണ്ഡലത്തിൽ 23,309 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജി.ആർ.അനിൽ ജയിച്ചത്.

അവസാനിച്ചിടത്തുനിന്ന് ഉയിർപ്പ്

9.70 ലക്ഷം വോട്ടുകൾ പോൾ ചെയ്‌ത മണ്ഡലത്തിൽ 20,000 വോട്ടുകൾ എണ്ണാനിരിക്കെ ജോയിയുടെ ഭൂരിപക്ഷം 5585 ആയി. എല്ലാം അവസാനിച്ചെന്ന് കോൺഗ്രസ് നേതാക്കൾപോലും കരുതിയ നിമിഷങ്ങൾ. എന്നാൽ 5000 വോട്ടുകൾ എണ്ണാനിരിക്കെ 615 വോട്ടിന്റെ ലീഡ് അടൂർപ്രകാശ് തിരിച്ചുപിടിച്ചതോടെ കളം മാറി. 3000 വോട്ടുകൾ എണ്ണാൻ ബാക്കിനിൽക്കെ ലീഡ് 815 ആയി. ഒടുവിൽ അരുവിക്കര പഞ്ചായത്തിലെ കുറ്റിച്ചൽ,പൂവച്ചൽ പ്രദേശങ്ങളിലെ ബൂത്തുകളും തുണച്ചതോടെ അടൂർപ്രകാശ് വിജയിച്ചു.

രാത്രി വൈകിയും ആശങ്ക

മൂന്ന് ഇ.വി.എം യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വി.വി പാറ്റ് എണ്ണിയപ്പോൾ അടൂർപ്രകാശിന്റെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. 1708 വോട്ടായിരുന്ന ഭൂരിപക്ഷം 788 ആയി. തുടർന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ട പ്രകാരം അസാധുവായ പോസ്റ്റൽ വോട്ടുകളുടെ റീകൗണ്ടിംഗ് ഉൾപ്പെടെ ആയതോടെ ജയപ്രഖ്യാപനം രാത്രി വൈകിയാണ് നടന്നത്.

കഴിഞ്ഞ തവണത്തെ വോട്ടുനില

അടൂർപ്രകാശ് (യു.ഡി.എഫ്) 3,80,995.

എ.സമ്പത്ത് (എൽ.ഡി.എഫ്) 3,42,748.

ശോഭസുരേന്ദ്രൻ (ബി.ജെ.പി) 2,48,081.

Advertisement
Advertisement